Kerala
പാലായില്‍ വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കി സഹപാഠികള്‍ മര്‍ദ്ദിച്ച സംഭവം; മന്ത്രി വീണാജോര്‍ജ് റിപ്പോര്‍ട്ട് തേടി
കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റി, നഗ്ന ദൃശ്യങ്ങള്‍ എടുത്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
കോട്ടയം| കോട്ടയം പാലായില്‍ ക്ലാസില്‍വച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റി, നഗ്ന ദൃശ്യങ്ങള്‍ എടുത്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പാലാ സെന്റ് തോമസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ക്ലാസില്‍വച്ച് മറ്റ് വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചതോടെ വിദ്യാര്‍ത്ഥിയുടെ പിതാവ് പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ നിലത്തുവീണ വിദ്യാര്‍ത്ഥിയെ രണ്ട് സഹപാഠികള്‍ ചേര്‍ന്ന് പിടിച്ചുവെച്ച് ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.