Kerala
ആറ്റിങ്ങലില്‍ അച്ഛനേയും മകളേയും നടുറോഡില്‍ അപമാനിച്ച സംഭവം; പോലീസുകാരിക്ക് കാക്കിയുടെ അഹങ്കാരമെന്ന് ഹൈക്കോടതി
ഡിജിപിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കോടതി ആളുകളുടെ വസ്ത്രവും നിറവും നോക്കിയാണ് പോലീസ് പെരുമാറുന്നതെന്നും കുറ്റപ്പെടുത്തി
കൊച്ചി | ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ നടുറോഡില്‍ പരസ്യമായി വിചാരണ ചെയ്ത് അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. പരസ്യവിചാരണ ഒരു തരത്തിലും നീതികരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി, ഫോണിന്റെ വിലപോലും കുട്ടിയുടെ ജീവന് കല്‍പ്പിച്ചില്ലെന്നും കുറ്റപ്പെടുത്തി. സംഭവത്തിന്‍രെ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു.
പോലീസുകാരിക്ക് കാക്കിയുടെ അഹങ്കാരമാണ്. കണ്ട ദൃശ്യങ്ങള്‍ മനസിനെ അസ്വസ്ഥമാക്കുന്നു. പോലീസുകാരി ഒരു സ്ത്രീയല്ലെ. ഇങ്ങനെ പെരുമാറാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചുവെന്നും കോടതി ചോദിച്ചു.കുട്ടിയുടെ കരച്ചില്‍ വേദനയുണ്ടാക്കുന്നു. കാക്കി ഇല്ലായിരുന്നെങ്കില്‍ അവര്‍ക്ക് അടി കിട്ടുമായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു പിങ്ക് പോലീസ്. കുട്ടിക്ക് ജീവിതകാലം മുഴുവന്‍ പോലീസിനോടു പേടി തോന്നുമെന്നും കോടതി ആശങ്ക അറിയിച്ചു.
സംഭവത്തില്‍ ഡിജിപിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കോടതി ആളുകളുടെ വസ്ത്രവും നിറവും നോക്കിയാണ് പോലീസ് പെരുമാറുന്നതെന്നും കുറ്റപ്പെടുത്തി.
പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ പരസ്യവിചാരണ ചെയ്തത്. എന്നാല്‍ മൊബൈല്‍ഫോണ്‍ ഔദ്യോഗിക വാഹനത്തില്‍ തന്നെയുണ്ടെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
ആരോപണ വിധേയയായ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റുകയും നല്ലനടപ്പ് പരിശീലനത്തിന് അയക്കുകയും ചെയ്തത് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടി.