Kerala
നൈറ്റ് പട്രോളിംഗിനിടെ പോലീസിനെ ആക്രമിച്ച സംഭവം; പ്രതികള്‍ പിടിയില്‍
കോഴിക്കോട് എലത്തൂര്‍ സ്വദേശികളായ അബ്ദുല്‍ മുനീര്‍, അന്‍സാര്‍ എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്.
കോഴിക്കോട് | നൈറ്റ് പട്രോളിംഗിനിടെ പോലീസിനെ ആക്രമിച്ചവര്‍ പിടിയില്‍. എലത്തൂര്‍ സ്വദേശികളായ അബ്ദുല്‍ മുനീര്‍, അന്‍സാര്‍ എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. പിടിയിലായവര്‍ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
ഇന്ന് പുലര്‍ച്ചെ രണ്ടോടെ കോഴിക്കോട് അരയിടത്ത്പാലം-എരഞ്ഞിപ്പാലം റോഡില്‍ ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തു വെച്ചായിരുന്നു സംഭവം. നൈറ്റ് പട്രോളിംഗിനിറങ്ങിയ പോലീസുകാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുവാക്കളെ കാറുമായി റോഡരികില്‍ കാണുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് പോലീസുകാരെ ഇവര്‍ ആക്രമിച്ചത്. നടക്കാവ് സ്റ്റേഷനിലെ നവീന്‍, രതീഷ്, ഷിജിത്ത് എന്നീ പോലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. നവീന്റെ ചെവിക്ക് താക്കോല്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
നഗരത്തിലെ സി സി ടി വികള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.