Kerala
ആലപ്പുഴയില്‍ അസാധാരണ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം: ലാബുകള്‍ക്ക് ഗുരുതര വീഴ്ച, ലൈസന്‍സ് റദ്ദാക്കും; ആരോഗ്യവകുപ്പ്
ആലപ്പുഴ വനിത ശിശു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.
തിരുവനന്തപുരം| ആലപ്പുഴയില്‍ അസാധാരണ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ലാബുകള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തി ആരോഗ്യവകുപ്പ്. സംഭവത്തില്‍ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും. സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാത്തതും സ്‌കാനിങ്ങിന് ശേഷമുള്ള വിവരങ്ങള്‍ ലാബ് അധികൃതര്‍ ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് കണ്ടെത്തി.
ഈ വിഷയത്തില്‍ ആലപ്പുഴ വനിത ശിശു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധസംഘം വ്യക്തമാക്കി. ഇതുസംബന്ധിച്ച് പൂര്‍ണ റിപ്പോര്‍ട്ട് തിങ്കളാഴ്ച ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും. ആരോഗ്യമന്ത്രി രൂപീകരിച്ച വിദഗ്ധ സമിതിക്ക് മാത്രമായിരിക്കും അന്വേഷണ ചുമതല. അന്വേഷണത്തിന് രണ്ട് സമിതികള്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നാലെ ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടിരുന്നു.
ഇന്നലെ ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി ഉയര്‍ന്നിരുന്നു. പ്രസവത്തില്‍ കുഞ്ഞിന്റെ കൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടതായി കാട്ടി ആലപ്പുഴ സ്വദേശികളായ കുടുംബമാണ് രംഗത്തെത്തിയത്. ഡോക്ടര്‍ പുഷ്പക്കെതിരെയാണ് ആരോപണം. ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ വിഷ്ണുദാസ്-അശ്വതി ദമ്പതികളുടെ മകന്‍ വിഹാന്‍ വി. കൃഷ്ണയ്ക്കാണ് വലതു കൈയുടെ സ്വാധീനം തിരിച്ചു കിട്ടാത്തത്.
കഴിഞ്ഞ വര്‍ഷം ജൂലൈയ് മൂന്നിനാണ് വിഹാന്‍ ജനിച്ചത്. വാക്വം ഡെലിവെറിയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ് ജനിച്ച് ആറ് മാസത്തിനുള്ളില്‍ കൈയ്ക്ക് സ്വാധീനം ഉണ്ടാകുമെന്ന് ഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും ഒരു വര്‍ഷമായിട്ടും മാറ്റമൊന്നുമില്ലെന്നുമാണ് കുടുംബം പറയുന്നത്. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെ കാണിച്ചപ്പോഴാണ് വാക്വം ഡെലിവറിയിലെ പിഴവാണ് കാരണമെന്ന് വ്യക്തമായതെന്ന് പിതാവ് വിഷ്ണു പറയുന്നു. കുഞ്ഞിനെ വലിച്ചെടുത്തപ്പോള്‍ പറ്റിയ പിഴവാണെന്നാണ് കുടുംബം ആരോപിക്കുന്നത്.