Kerala
കുരങ്ങു വസൂരി ബാധിച്ച് യുവാവ് മരിച്ച സംഭവം; അടുത്ത സമ്പര്‍ക്കമുള്ള ആരുമില്ലെന്ന് ആരോഗ്യമന്ത്രി
യുവാവിന്റെ മരണകാരണം കുരങ്ങു വസൂരി തന്നെയാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ | കുരങ്ങു വസൂരി ബാധിച്ച് തൃശൂര്‍ ചാവക്കാട്ട് മരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തില്‍ അദ്ദേഹവുമായി അടുത്ത സമ്പര്‍ക്കമുള്ള ആരുമില്ലെന്നാണ് വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രാഥമിക സമ്പര്‍ക്കത്തില്‍ 20 പേരാണുള്ളത്. യുവാവിന്റെ മരണകാരണം കുരങ്ങു വസൂരി തന്നെയാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
ആദ്യ കേസ് കേരളത്തില്‍ തിരിച്ചറിയാനായത് ആരോഗ്യ സംവിധാനത്തിന്റെ മികവ് കൊണ്ടാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവരില്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. കുരങ്ങു വസൂരിക്ക് മരണനിരക്ക് കുറവാണെങ്കിലും ജാഗ്രത വേണം. വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് ഉള്‍പ്പെടെ ഉറപ്പാക്കിയിട്ടുണ്ട്.
പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് യുവാവിന്റെ മരണ കാരണം കുരങ്ങുവസൂരിയാണെന്ന് സ്ഥിരീകരിച്ചത്. മരണപ്പെട്ട യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്‌ബോള്‍ കളിച്ചവരും നിലവില്‍ നിരീക്ഷണത്തിലുണ്ട്.