Kerala
വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീന്‍ കസ്റ്റഡിയില്‍
അക്യൂപങ്ചറിന്റെ മറവില്‍ ഷിഹാബുദ്ദീന്‍ വ്യാജ ചികിത്സ നടത്തുകയാണെന്ന് കാണിച്ച് സെപ്തംബറില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തിരുവനന്തപുരം|തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തെതുടര്‍ന്ന് സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് ഷിഹാബുദ്ദീനെ നേമം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വെഞ്ഞാറമൂട്ടിലായിരുന്നു ഷിഹാബുദ്ദീന്റെ ചികിത്സാ കേന്ദ്രം.
അക്യൂപങ്ചറിന്റെ മറവില്‍ ഷിഹാബുദ്ദീന്‍ വ്യാജ ചികിത്സ നടത്തുകയാണെന്ന് കാണിച്ച് സെപ്തംബറില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന വിവരത്തിലാണ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പോലീസും ആരോഗ്യവകുപ്പും തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നാണ് വിവരം.
കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയത്. സംഭവത്തില്‍ ഷെമീറയുടെ ഭര്‍ത്താവിനെതിരെ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറും രംഗത്തു വന്നിരുന്നു. ആധുനിക ചികിത്സ വേണ്ടെന്നും ഭാര്യക്ക് സാധാരണ പ്രസവം മതിയെന്നും ഭര്‍ത്താവ് ശഠിച്ചതായി കൗണ്‍സിലര്‍ ദീപിക മാധ്യമങ്ങളോടു പറഞ്ഞു.
കാരയ്ക്കാമണ്ഡപത്ത് നടത്ത ദാരുണമായ സംഭവത്തില്‍ ഭര്‍ത്താവ് നയാസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നരഹത്യാകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കൂടുതല്‍ പേരെ പ്രതിചേര്‍ക്കേണ്ടത് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യ ഭാര്യയും മകളും ചേര്‍ന്നാണ് പ്രസവം എടുത്തതെന്നാണ് വിവരം. അക്യുപങ്ചര്‍ ചികിത്സയിലൂടെ വീട്ടില്‍ പ്രസവം നടത്താന്‍ പദ്ധതി തയ്യാറാക്കി എന്നാണു വിവരം. ചൊവാഴ്ച വൈകീട്ടാണ് വീട്ടിലെ പ്രസവത്തിനിടെ പാലക്കാട് സ്വദേശിയായ ഷമീറയും കുഞ്ഞും മരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരും ബന്ധുക്കളും നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരുവര്‍ക്കും നയാസ് ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നാണു കണ്ടെത്തിയത്.