Kerala
പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
സ്വമേധയാ ആണ് കേസെടുത്തത്. വിശദമായ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
കോഴിക്കോട് | ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. സ്വമേധയാ ആണ് കേസെടുത്തത്.
വിശദമായ അന്വേഷണം നടത്താന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. നാലാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
ഗതാഗത നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. മത്സര ഓട്ടങ്ങള്‍ക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം.
ഇത്തരം സംഭവങ്ങള്‍ മത്സര ഓട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു പുറമേ മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാണെന്ന് ഉത്തരവില്‍ പറയുന്നു. സാമൂഹികമാധ്യമങ്ങളില്‍ ജനപ്രീതിയുണ്ടാക്കാന്‍ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
വടകര കടമേരി സ്വദേശി ടി കെ ആല്‍വിന്‍ (21)ആണ് ഇന്നലെ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് മരിച്ചത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിലുള്ളത്. ആല്‍വിന്‍ വീഡിയോ ഷൂട്ട് ചെയ്ത ഫോണ്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് ഇന്നലെ രാവിലെയായിരുന്നു അപകടം. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്റെ ദൃശ്യങ്ങള്‍ റോഡിന്റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ കാറിലുണ്ടായിരുന്നവര്‍ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.