Kerala
മോക് ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ ഗിന്നസ് മാടസാമി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
പത്തനംതിട്ട | പത്തനംതിട്ട മല്ലപ്പള്ളിയിൽ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടെ യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവിയും പത്തനംതിട്ട ജില്ലാ കളക്ടറും ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ ഗിന്നസ് മാടസാമി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുന്‍കരുതല്‍ സ്വീകരിക്കാതെയുള്ള മോക്ക് ഡ്രില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. റിപ്പോര്‍ട്ട് ലഭിച്ചശേഷം കമ്മീഷന്‍ മേല്‍ നടപടികള്‍ സ്വീകരിക്കും.
ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ കോമളം പാലത്തിന് സമീപം നടന്ന പ്രളയ പ്രതികരണ മോക്ക് ഡ്രില്ലിലിനിടെയാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ (34) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകനായ ബിനുവിന് വെള്ളത്തില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തനം അനുകരിക്കുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും, വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു. ചളിയിൽ താഴ്ന്ന ബിനുവിനെ അരണ മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്.
സ്ഥലത്തുണ്ടായിരുന്ന ദേശീയ ദുരന്ത പ്രതികരണ സേനാ അംഗങ്ങള്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തുകയും, സ്ഥലത്തുണ്ടായിരുന്ന ഡോക്ടര്‍ അടിയന്തിര സഹായം നല്കുകയും ചെയ്തു. ഉടന്‍ തന്നെ തിരുവല്ല പുഷ്പ്പഗിരി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകീട്ടോടെ മരിച്ചു.