Connect with us

Kerala

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന രണ്ടു പേര്‍ കൂടി പിടിയില്‍

കോഴിക്കോട് നിന്നാണ് ഒളിവില്‍ കഴിഞ്ഞ നബീല്‍, വിഷ്ണു എന്നിവര്‍ പിടിയിലായത്

Published

|

Last Updated

കോഴിക്കോട് | വയനാട്ടില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പോലീസ് പിടികൂടി. ഇതോടെ നാല് പേരുള്‍പ്പെട്ട അക്രമി സംഘത്തിലെ എല്ലാവരും പിടിയിലായി.

കോഴിക്കോട് നിന്നാണ് ഒളിവില്‍ കഴിഞ്ഞ നബീല്‍, വിഷ്ണു എന്നിവര്‍ പിടിയിലായത്. എസ് എം എസ് പോലീസ് സംഘമാണ് രണ്ടു പ്രതികളേയും ഒളിച്ചു കഴിഞ്ഞ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരം കേസും വധശ്രമക്കുറ്റവും ചുമത്തുമെന്ന് പോലീസ് അറിയിച്ചു. കേസില്‍ ഹര്‍ഷിദ്, അഭിരാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

മാനന്തവാടി കൂടല്‍കടവില്‍ കഴിഞ്ഞ ദിവസമാണ് ആദിവാസി യുവാവായ മാതനെ റോഡിലൂടെ വലിച്ചിഴച്ചത്. വിനോദസഞ്ചാരികളായ യുവാക്കള്‍ കാറില്‍ കൈ ചേര്‍ത്തുപിടിച്ച് അരകിലോമീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. ചെക്ക് ഡാം കാണാന്‍ എത്തിയ യുവാക്കള്‍ മറ്റൊരു കാര്‍ യാത്രക്കാരുമായി വാക്ക് തര്‍ക്കം ഉണ്ടായി. ഇതില്‍ ഇടപെട്ട നാട്ടുകാര്‍ക്കുനേരെയായി പിന്നീട് അതിക്രമം.പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മാതന്‍ തടഞ്ഞു.

കാറിന്റെ ഡോറില്‍ വിരല്‍ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേര്‍ത്തു പിടിച്ച് അരകിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കള്‍ വലിച്ചിഴച്ചു. പിന്നാലെ വന്ന കാര്‍ യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് മാതനെ വഴിയില്‍ തള്ളിയത്. കൈക്കും കാലിനും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

 

Latest