Kerala
അടിയന്തര ധനസഹായത്തില്‍ നിന്നും ഇ എം ഐ ഈടാക്കിയ സംഭവം; കേരള ഗ്രാമീണ്‍ ബേങ്കിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
ജില്ലാ കലക്ടറും കേരള ഗ്രാമീണ്‍ ബേങ്ക് ചൂരല്‍മല ബ്രാഞ്ച് മാനേജരും ഇത് സംബന്ധിച്ച് ഒരാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍
കല്‍പ്പറ്റ | വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയില്‍ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീണ്‍ ബേങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ കലക്ടറും കേരള ഗ്രാമീണ്‍ ബേങ്ക് ചൂരല്‍മല ബ്രാഞ്ച് മാനേജരും ഇത് സംബന്ധിച്ച് ഒരാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന അടുത്ത സിറ്റിങ്ങില്‍ കേസ് പരിഗണിക്കും
ബേങ്കിന്റെ ചൂരല്‍മല ശാഖയില്‍ നിന്നും വായ്പയെടുത്തവരില്‍ നിന്നാണ് പ്രതിമാസ തിരിച്ചടവ് ഈടാക്കിയതെന്നാണ് പരാതി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന 10 പേരാണ് ബേങ്കിനെതിരെ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ വായ്പാ തിരിച്ചടവായി പിടിച്ച പണം കേരള ഗ്രാമീണ്‍ ബേങ്ക് തിരികെ നല്‍കിയിരുന്നു.സാങ്കേതിക പിഴവാണ് സംഭവത്തിന് കാരണമെന്ന് ബേങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു