National
55 യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്ന സംഭവം: റിപ്പോര്‍ട്ടു തേടി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍
ബോര്‍ഡിങ് പാസുകള്‍ നല്‍കുകയും ബാഗുകള്‍ ഉള്‍പ്പടെ പരിശോധന കഴിയുകയും ചെയ്തിട്ടാണ് പിഴവ് സംഭവിച്ചിരിക്കുന്നത്.
ബെംഗളുരു| വിമാനത്താവളത്തില്‍ നിന്ന് ഫ്‌ളൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ബസ്സിലുണ്ടായിരുന്ന 55 പേരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്ന സംഭവത്തില്‍ റിപ്പോര്‍ട്ടു തേടി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍(ഡിജിസിഎ). എന്താണ് സംഭവിച്ചതെന്നു പരിശോധിച്ചുവരികയാണ്, റിപ്പോര്‍ട്ടു ലഭിച്ചശേഷം ഉചിതമായി നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ അറിയിച്ചു. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ഉള്‍പ്പടെ ട്വിറ്ററില്‍ ടാഗ് ചെയ്ത് നിരവധി പരാതികളാണ് യാത്രക്കാര്‍ നല്‍കിയിരുന്നത്.
തിങ്കളാഴ്ച രാവിലെ 6.20ന് ബെംഗളുരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ജി8 116 വിമാനമാണ് 55 യാത്രക്കാരെ കയറ്റാന്‍ മറന്നത്. വിമാനത്തില്‍ കയറ്റുന്നതിനായി നാല് ബസുകളിലായാണ് യാത്രക്കാരെ കൊണ്ടുവന്നത്. എന്നാല്‍ അവസാനമെത്തിയ ബസിലെ 55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നുയരുകയായിരുന്നു. യാത്രക്കാരുടെ ബോര്‍ഡിങ് പാസുകള്‍ നല്‍കുകയും ബാഗുകള്‍ ഉള്‍പ്പടെ പരിശോധന കഴിയുകയും ചെയ്തിട്ടാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. നാല് മണിക്കൂറിനുശേഷം, 10 മണിക്കു പുറപ്പെട്ട മറ്റൊരു വിമാനത്തിലാണ് ഇവര്‍ക്ക് പോകാനായത്. സംഭവത്തില്‍ ഗോ ഫസ്റ്റ് ഖേദം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റൊരു പ്രസ്താവനയും ഇതുവരെ കമ്പനി നടത്തിയിട്ടില്ല.