Kerala
സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ഫ്ളക്സ് സ്ഥാപിച്ച സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
നടപടി എടുത്ത ശേഷം ഹൈക്കോടതിയെ അറിയിക്കണം
തിരുവനന്തപുരം | സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതിലെ നടപടി ശക്തമാക്കുന്നു. പിഴയില്‍ ഒതുക്കാതെ ബോര്‍ഡ് സ്ഥാപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറി നിര്‍ദേശം നല്‍കി.
നടപടി എടുത്ത ശേഷം ഹൈക്കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചു. പൊതുഭരണ സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസ്സോസിയേഷനാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ബോര്‍ഡ് സ്ഥാപിച്ചത്.
ബോര്‍ഡ് സ്ഥാപിച്ചതില്‍ 5,600 രൂപയാണ് സംഘടന നഗരസഭക്ക് പിഴയായി നല്‍കിയത്. അനധികൃത ഫ്ളക്സ് വെച്ചതിന് സംഘടനാ പ്രസിഡന്റ് പി ഹണിയെയും പ്രവര്‍ത്തകനായ അജയകുമാറിനെയും പോലീസ് പ്രതി ചേര്‍ത്തിരുന്നു.
വിവാദമായ ഫ്ളക്സ് നഗരസഭ നീക്കം ചെയ്തിരുന്നു. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ ഫ്ളക്സ് വെച്ചതില്‍ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇരുവര്‍ക്കും എതിരായ നടപടി.