Kerala
കാഴ്ചപരിമിതിയുള്ള അധ്യാപകനെ ക്ലാസില്‍ അപമാനിച്ച സംഭവം; അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കോളജ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടി സ്വീകരിക്കും
കൊച്ചി | എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കോളജ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അധ്യാപകന്റെ സ്വകാര്യതയിലേക്ക് കടന്നു കയറ്റമാണ് വിദ്യാര്‍ഥികളുടെ പ്രവര്‍ത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോളജ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടി സ്വീകരിക്കും.
മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ ഡോ.പ്രിയേഷിനെയാണ് ക്ലാസ് മുറിയില്‍ വെച്ച് ചില വിദ്യാര്‍ഥികള്‍ അപമാനിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിറകെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കാഴ്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കവെ വിദ്യാര്‍ഥികളില്‍ ചിലര്‍ ക്ലാസ് മുറിയില്‍ കളിച്ചും ചിരിച്ചും നടക്കുന്നതിന്റെയും, അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുന്നതിന്റെയും വീഡിയോയാണ് പുറത്ത് വന്നത്. ക്ലാസിലെ ചില വിദ്യാര്‍ഥികള്‍ തന്നെ പകര്‍ത്തിയ വീഡിയോ ദൃശ്യം വലിയതോതില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെ കോളജ് സസ്പെന്‍ഡ് ചെയ്തിരുന്നു