Connect with us

Kerala

നവവധുവിന് മര്‍ദനമേറ്റ സംഭവം; കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

മര്‍ദനമേറ്റ യുവതി വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കമീഷന്‍ ഇടപെട്ടത്.

Published

|

Last Updated

പന്തീരാങ്കാവ്|കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പന്തീരാങ്കാവ് എസ്.എച്ച്.ഒ യഥാസമയം കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പോലീസ് കമീഷണര്‍ വിശദ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സനും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

മര്‍ദനമേറ്റ യുവതി വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കമീഷന്‍ ഇടപെട്ടത്. ജൂണില്‍ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

അതിനിടെ നവവധുവിന് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. ഫറോക്ക് എസിപി സാജു കെ എബ്രഹാമാണ് അന്വേഷണ സംഘത്തിന്റെ തലവന്‍. നേരത്തെ കേസ് അന്വേഷിച്ച പന്തീരാങ്കാവ് എസ്എച്ച്ഒ എഎസ് സരിന്‍ ഉള്‍പ്പടെയുളളവരെ കേസിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കി.

കേസില്‍ പോലീസ് വീഴ്ചയിലും അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആണ് പോലീസ് വീഴ്ചയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പോലീസ് നടപടി വീഴ്ച അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആണ് നിര്‍ദേശം നല്‍കിയത്. ഫറോക്ക് എസിപിക്ക് അന്വേഷണച്ചുമതല നല്‍കാന്‍ നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേസിലെ പ്രതി രാഹുല്‍ മുന്‍പും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി തെളിവുകള്‍ ലഭിച്ചു. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരം. വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയാണ് പരാതി. അവസാനം രജിസ്റ്റര്‍ ചെയ്ത യുവതി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെണ്‍കുട്ടിയുമായുള്ള രാഹുലിന്റെ വിവാഹം നടന്നത്. മുന്‍ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

മര്‍ദനമേറ്റ യുവതിയുടെ കുടുംബം വനിത കമ്മീഷനും ആലുവ റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രതി രാഹുലിനെതിരെ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ചുമത്തി പോലീസ് കേസെടുത്തിരുന്നു. മെയ് അഞ്ചിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒരാഴ്ചക്കു ശേഷം രാഹുലിന്റെ വീട്ടിലേക്ക് സത്കാരത്തിനായി വധുവിന്റെ കുടുംബം എത്തിയപ്പോഴാണ് യുവതിയുടെ ശരീരത്തിലെ പരുക്കുകള്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റ വിവരം യുവതി വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ യുവതിയുമായി കുടുംബം പന്തീരാങ്കാവ് പോലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.

 

 

 

---- facebook comment plugin here -----

Latest