Kerala
കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി പ്രസവിച്ച സംഭവം; യുവതിക്കും കുഞ്ഞിനും തുടര്‍ ചികിത്സ സൗജന്യമാക്കി അമല ആശുപത്രി
അങ്കമാലിയില്‍ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരി സെറീനയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.
തൃശൂര്‍|പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ പ്രസവിച്ച യുവതിയുടെയും കുഞ്ഞിന്റെയും തുടര്‍ ചികിത്സ അമല ആശുപത്രി സൗജന്യമാക്കി. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരി സെറീനയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ബസിലിരിക്കവെ യുവതിക്ക് പ്രവസ വേദന അനുഭവപ്പെടുകയായിരുന്നു.
പിന്നീട് ബസ് ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അമല മെഡിക്കല്‍ കോളജിലേക്ക് ഫോണ്‍ വിളിച്ച് വിവരം അറിയിച്ചു. ബസ് ആശുപത്രിയില്‍ എത്തിയതും ഡോക്ടര്‍മാരും നഴ്‌സുമാരും ബസ്സിനുള്ളിലേക്ക് കയറി. യുവതിയെ പുറത്തെടുക്കാനുള്ള സ്ട്രക്ചറും തയാറാക്കിയിരുന്നു.
ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ബസില്‍ വെച്ചുള്ള പരിശോധനയില്‍ പ്രസവം ആരംഭിച്ചിരുന്നു. ഇതോടെ യാത്രക്കാരെ ഇറക്കി ബസില്‍ പ്രസവത്തിന് സൗകര്യമൊരുക്കി. അരമണിക്കൂറിനുള്ളില്‍ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും ഐസിയുവിലേക്ക് മാറ്റി. അതിനിടെ, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സമ്മാനം സെറീനയ്ക്ക് കൈമാറി.