Kerala
എടവണ്ണയില്‍ പോലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവം: മുന്‍ എസ് പി. സുജിത് ദാസിനെതിരെ വെളിപ്പെടുത്തല്‍
എ എസ് ഐ. ശ്രീകുമാര്‍ ജീവനൊടുക്കിയ സംഭവത്തിലാണ് സുഹൃത്ത് എടവണ്ണ സ്വദേശി നാസര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
മലപ്പുറം | എടവണ്ണയില്‍ പോലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ എസ് പിക്കെതിരെ വെളിപ്പെടുത്തല്‍. എ എസ് ഐ. ശ്രീകുമാര്‍ ജീവനൊടുക്കിയ സംഭവത്തിലാണ് സുഹൃത്ത് എടവണ്ണ സ്വദേശി നാസര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുന്‍ എസ് പി. സുജിത് ദാസിനെതിരെയാണ് ആരോപണം.
മരിക്കുന്നതിന്റെ തലേ ദിവസം പോലീസ് സേനയില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ട് ശ്രീകുമാര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് നാസര്‍ സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. പിടികൂടുന്ന പ്രതികളെ മര്‍ദിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. അത് ചെയ്യാതെ വന്നപ്പോള്‍ സ്ഥലം മാറ്റിയും അവധി നല്‍കാതെയും സുജിത് ദാസ് ബുദ്ധിമുട്ടിച്ചു.
ആത്മഹത്യ ചെയ്ത ദിവസം ശ്രീകുമാറിന്റെ പുസ്തകത്തില്‍ നിന്ന് ചില കടലാസുകള്‍ പോലീസ് കീറിയെടുത്ത് കൊണ്ടുപോയി. ആത്മഹത്യാ കുറിപ്പാണ് ഇങ്ങനെ കൊണ്ടുപോയതെന്ന് കരുതുന്നതായി നാസര്‍ പറഞ്ഞു. ജീവിതത്തില്‍ താന്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അതിന്റെ കാരണം ഡയറിയില്‍ എഴുതി വെക്കുമെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നുവെന്നും നാസര്‍ പ്രതികരിച്ചു.
എടവണ്ണ സ്വദേശിയായ ശ്രീകുമാര്‍ 2021 ജൂണ്‍ 10നാണ് ആത്മഹത്യ ചെയ്തത്.