Kerala
ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കാർ ഉപേക്ഷിച്ച നിലയില്‍
ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണം
മാനന്തവാടി | ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലെ കാര്‍ കണ്ടെത്തി. കണിയാമ്പറ്റയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്‍ കസ്റ്റഡിയിലെടുത്തു. കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ വധശ്രമത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. കാറിൻ്റെ ഡോറില്‍ കൈ കുടുക്കിയായിരുന്നു മാതനെ റോഡിലൂടെ വലിച്ചിഴച്ചത്. ഇതിൻ്റെ നടുക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. വയനാട് ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
നാല് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് മാനന്തവാടി കുടല്‍കടവില്‍ ആയിരുന്നു കൊടുംക്രൂരത. ചെക്ക്ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ തമ്മില്‍ കൈയാങ്കളി ഉണ്ടായി. ഇത് പരിഹരിക്കാന്‍ ശ്രമിച്ച ആദിവാസി യുവാവിനെയാണ് വലിച്ചിഴച്ചത്. മാതൻ്റെ നട്ടെല്ലിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കേറ്റു. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.