National
വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് വേണമെന്ന് പൊലീസ്
ശേഖര്‍ മിശ്ര ആശയവിനിമയം നടത്തുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി| എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസില്‍ സഹയാത്രികക്കുനേരെ അതിക്രമം നടത്തിയത് മുംബൈ വ്യവസായി ശേഖര്‍ മിശ്രയെന്ന് ഡല്‍ഹി പൊലീസ്. ഇയാളെ പിടികൂടാനായി ലുക്ക് ഔട്ട് പുറപ്പെടുവിക്കാന്‍ ഡല്‍ഹി പൊലീസ് അനുമതി തേടി. ശേഖര്‍ മിശ്ര ആശയവിനിമയം നടത്തുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. തുടര്‍ന്നാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ അനുമതി തേടിയത്.
ശേഖര്‍ മിശ്രയെ പിടികൂടാന്‍ പൊലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചെന്നും മിശ്ര ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കര്‍ണാടക സ്വദേശിനിയാണ് പരാതിക്കാരി. സംഭവം വിവാദമായതിന് പിന്നാലെയാണ് പൊലീസ് നടപടികളിലേക്ക് കടക്കുന്നത്. വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത യാത്രക്കാരന് 30 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവം വളരെ ഗൗരവത്തോടെയാണ് കമ്പനി കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കാന്‍ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.