Kerala
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് എന്നിവരോട് കമ്മീഷന്‍ വിശദീകരണം തേടി.

ആലപ്പുഴ | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍. പ്രസവത്തിനു ശേഷമുണ്ടായ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമ്പലപ്പുഴ സ്വദേശി ഷിബിന മരിച്ച സംഭവത്തിലാണ് കേസെടുത്തത്.
ചികിത്സിച്ച ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുമുണ്ടായ ഗുരുതര വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് എന്നിവരോട് കമ്മീഷന്‍ വിശദീകരണം തേടി.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദാണ് വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്. ബന്ധപ്പെട്ടവരോട് മെയ് ഏഴിന് ആലപ്പുഴ കലക്ടറേറ്റില്‍ നടക്കുന്ന സിറ്റിങില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം.