National
ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചു; രാഹുലിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ അസം മുഖ്യമന്ത്രിയുടെ നിര്‍ദേശം
അസം സര്‍ക്കാര്‍ നേരത്തെ ഗുവാഹത്തിയിലെ ചെറിയ റോഡുകളിലൂടെ ഭാരത് ന്യായ് യാത്ര നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു.
ഗുവാഹത്തി| രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ അസം മുഖ്യമന്ത്രിയുടെ നിര്‍ദേശം. ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചു എന്നാരോപിച്ചാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രാഹുലിനെതിരെ നടപടിയ്‌ക്കൊരുങ്ങിയത്. അസം സര്‍ക്കാര്‍ നേരത്തെ ഗുവാഹത്തിയിലെ ചെറിയ റോഡുകളിലൂടെ ഭാരത് ന്യായ് യാത്ര നടത്തുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഗുവാഹത്തിയില്‍ ഇന്ന് പ്രവര്‍ത്തി ദിനമണെന്നും ന്യായ് യാത്ര പ്രധാന നഗര റോഡുകളിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും സംസ്ഥാനഭരണകൂടം പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ദേശീയപാതയിലൂടെ പര്യടനം നടത്താനും ആവശ്യപ്പെട്ടു.
പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനായി രാഹുല്‍ ന്യായ് യാത്രാ ബസിനു മുകളിലെത്തിയപ്പോഴാണ് പോലീസ് തടഞ്ഞത്. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. അസം പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ പൊളിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
സംഘര്‍ഷം രൂക്ഷമായതോടെ ശാന്തരാകാന്‍ പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി. പൊലീസ് ലാത്തിച്ചാര്‍ജില്‍ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റെന്നും ഹിമന്ത ബിശ്വ ശര്‍മ്മ ഗുണ്ടയെപ്പോലെ പെരുമാറുന്നു എന്നും പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറ പ്രതികരിച്ചു. താന്‍ ജനങ്ങളെ കാണുന്നത് തടയാന്‍ ആഭ്യന്തരമന്ത്രാലയം നേരിട്ട് നിര്‍ദ്ദേശം നല്‍കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിജെപി ഭരിക്കുന്ന അസമില്‍ നിന്ന് നിരവധി തടസ്സങ്ങളാണ് നേരിട്ടത്. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്ന് ജനുവരി 14ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലൂടെയും 100 ലോക്‌സഭാ സീറ്റുകളിലൂടെയും സഞ്ചരിക്കും. 110 ജില്ലകളിലൂടെ 67 ദിവസങ്ങളിലായി 6,700 കിലോമീറ്ററുകളാണ് ഭാരത് ജോഡോ ന്യായ് യാത്ര നടന്ന് നീങ്ങുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച യാത്ര മാര്‍ച്ച് 20ന് മഹാരാഷ്ട്രയില്‍ സമാപിക്കും.