Connect with us

prathivaram athmeeyam

ഊഹങ്ങളിലെ ഉൾപ്പിരിവുകൾ

നിരവധി കുടുംബ ജീവിതത്തിന്റെ തകർച്ചയുടെ മുഖ്യഹേതു ഊഹങ്ങളെ അടിസ്ഥാനമാക്കിയുള്ള തെറ്റായ ധാരണകളാണ്. ഇണയുടെ പെരുമാറ്റത്തിൽ സംശയാസ്പദമായ സാഹചര്യമുണ്ടാവുമ്പോൾ തുറന്നുസംസാരിച്ച് വ്യക്തത വരുത്തുന്നതിനുപകരം അതൊരു കരടായി മനസ്സിൽ കൊണ്ടുനടക്കുന്നു. സമാനമായ സാഹചര്യങ്ങൾക്ക് വീണ്ടും വിധേയമാവുമ്പോൾ സംശയങ്ങൾ വർധിക്കുകയും അസ്വാരസ്യങ്ങൾ ഉയർന്നുവരികയും ചെയ്യുന്നു.

Published

|

Last Updated

നുഷ്യര്‍ക്കിടയിൽ മിക്ക പ്രശ്‌നങ്ങളും ഉടലെടുക്കുന്നതിനും സൗഹൃദങ്ങൾ തകരുന്നതിനും ബന്ധങ്ങൾ വഷളാകുന്നതിനുമെല്ലാം പ്രധാനമായും ഹേതുവാകുന്നത് ഊഹാപോഹങ്ങളാണ്. വർഷങ്ങളോളം സ്‌നേഹബന്ധത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തുക്കള്‍ തമ്മില്‍ പിണങ്ങാനും പിരിയാനും ഊഷ്മളമായ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന ഇണകൾക്കിടയിൽ വിള്ളലുണ്ടാകാനും വിവാഹമോചനം നടക്കാനും ഒരുമിച്ച് ജോലിചെയ്യുന്നവര്‍ക്കിടയിലും സംഘത്തിൽ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലും ചേരിതിരിവും പിളര്‍പ്പും സംഘട്ടനങ്ങളുമെല്ലാം ഉണ്ടാകാനും ഊഹങ്ങളിലൂടെ ഉടലെടുക്കുന്ന തെറ്റിദ്ധാരണകൾ വഴി വെക്കാറുണ്ട്.

വ്യക്തികളെയും സംഘടനകളെയും സംബന്ധിച്ച് ഊഹാപോഹങ്ങൾ പരത്തി തെറ്റായ ധാരണകളുണ്ടാക്കി ബന്ധങ്ങൾ തകര്‍ക്കുന്ന പ്രവണതകൾ വർത്തമാനകാലത്ത് വര്‍ധിച്ചുവരുന്നു. മുൻവിധികളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരുടെ അഭിമാനത്തിന്റെ കടയ്ക്കൽ കത്തി വെക്കുകയെന്നത് ചിലരുടെ ഹോബിയാണ്. സംഘടനാ വിദ്വേഷവും രാഷ്‌ട്രീയവൈരവും പക്ഷപാതിത്വവുമെല്ലാം ഇതിന്‌ നിമിത്തമായി വര്‍ത്തിക്കുന്നു. നിരവധി കുടുംബ ജീവിതത്തിന്റെ തകർച്ചയുടെ മുഖ്യഹേതു ഊഹങ്ങളെ അടിസ്ഥാനമാക്കിയുള്ള തെറ്റായ ധാരണകളാണ്. ഇണയുടെ പെരുമാറ്റത്തിൽ സംശയാസ്പദമായ സാഹചര്യമുണ്ടാവുമ്പോൾ തുറന്നുസംസാരിച്ച് വ്യക്തത വരുത്തുന്നതിനുപകരം അതൊരു കരടായി മനസ്സിൽ കൊണ്ടുനടക്കുന്നു. സമാനമായ സാഹചര്യങ്ങൾക്ക് വീണ്ടും വിധേയമാവുമ്പോൾ സംശയങ്ങൾ വർധിക്കുകയും അസ്വാരസ്യങ്ങൾ ഉയർന്നുവരികയും ചെയ്യുന്നു. തദ്ഫലമായി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദയയുടെയും സ്ഥാനത്ത് വെറുപ്പും വിദ്വേഷവും പകയും പതിയെ ഇടം പിടിക്കുന്നു. അതോടെ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം കുറ്റങ്ങളും കുറവുകളുമായി മാറുന്നു. അത്തരം സാഹചര്യത്തിൽ നിസ്സാര കാര്യങ്ങൾ പോലും വലുതായി കാണാനും മറ്റുള്ളവരോട് പെരുപ്പിച്ച് പറയാനും അപരനെതിരിൽ ആളെ കൂട്ടാനും മനസ്സ് വെമ്പൽ കൊള്ളും. അത് ബന്ധങ്ങൾ വിഛേധിക്കുകയും വലിയ ദുരന്തങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും സാഹചര്യമൊരുക്കുകയും ചെയ്യും.

തെറ്റിദ്ധാരണകൾ പല വിധത്തിൽ സംഭവിക്കാറുണ്ട്. ഒരാൾ തന്റെ പരിചിതന്റെ അരികിലൂടെ നടന്നു പോകുമ്പോൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു പരിചയം കാണിക്കുന്നു. തദവസരത്തിൽ അദ്ദേഹം പ്രത്യഭിവാദ്യമോ പ്രതികരണമോ നടത്താതിരിക്കുന്നു. അന്നേരം അഭിവാദ്യം ചെയ്ത വ്യക്തിക്ക് മനസ്സില്‍ വല്ലാത്ത നീരസമുണ്ടാവുകയും തന്നോട് എന്തോ വെറുപ്പ് ഉള്ളത് കൊണ്ടാണ് അദ്ദേഹം ഒന്നും പ്രതികരിക്കാത്തത് എന്ന ചിന്തയിൽ പിന്നീടുള്ള പെരുമാറ്റത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. എന്തോ കടുത്ത പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയത് കാരണം പരിസരം മറന്നുപോയതുകൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചത്.

മറ്റൊരു ഉദാഹരണം നോക്കാം. അയക്കുന്ന മെസ്സേജുകള്‍ ഉടനെ റീഡ് ചെയ്യണമെന്നും സ്വീകർത്താവ് പെട്ടെന്ന് പ്രതികരിക്കണമെന്നുമാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. ഉദ്ദേശിച്ച സമയത്തിനുള്ളില്‍ മറുപടി കിട്ടുന്നില്ലെങ്കില്‍ മെസ്സേജ് അയച്ച വ്യക്തിയുടെ മനസ്സ് അസ്വസ്ഥമായിത്തുടങ്ങും. സമയം പിന്നിടും തോറും മനസ്സില്‍ പല ചിന്തകളും കടന്നുവരും. താന്‍ അയച്ച മെസ്സേജ് അദ്ദേഹം റീഡ് ചെയ്തിട്ടുണ്ടോ എന്ന് പലതവണ നോക്കും. ഉണ്ട് എന്നാണെങ്കില്‍ പിന്നെ ചിന്തകള്‍ക്കൊന്നുകൂടി കനംതൂങ്ങും. അദ്ദേഹം പ്രതികരിക്കാതെ മനഃപൂര്‍വം തന്റെ സന്ദേശത്തെ അവഗണിച്ചു എന്ന ചിന്ത അയച്ച ആളിൽ അലട്ടിത്തുടങ്ങും. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി ഒന്നും കിട്ടുന്നില്ലെങ്കില്‍ പരസ്പരം കണ്ടാല്‍ മിണ്ടാതിരിക്കുകയും ബന്ധങ്ങൾ മുറിക്കുകയും ചെയ്യും.

അദ്ദേഹത്തെ ഫോണിന് ഡാമേജോ മറ്റു തിരക്കുകളിൽ അകപ്പെട്ടതോ ആയിരിക്കും യഥാർഥത്തിൽ പ്രതികരിക്കാതിരിക്കാനുള്ള കാരണം. വേദിയിലുള്ളവരെ പരിചയപ്പെടുത്തുന്നതിനിടയിൽ പേര് വിട്ടുപോയതിന്റെ പേരിൽ പിണങ്ങുന്നതും നിത്യസംഭവമാണ്. ഇങ്ങനെ മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട ധാരാളം ഉദാഹരണങ്ങൾ കാണാവുന്നതാണ്. തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയെന്നത് പിശാചിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അതിന്റെ പേരിൽ പിരിയുന്നവരെ അനുസ്മരിച്ച് പിശാച് ആനന്ദിക്കുകയും ചെയ്യും. കുറ്റമറ്റ ഹൃദയമുള്ളവർ ഊഹാപോഹങ്ങളില്‍ നിന്ന്‌ മനസ്സിനെ ശുദ്ധീകരിച്ചുകൊണ്ടിരിക്കും. ഊഹങ്ങളെ നന്നായി കരുതിയിരിക്കണമെന്ന് സ്രഷ്ടാവ് പറയുന്നു; “സത്യവിശ്വാസികളേ, നിങ്ങള്‍ അധിക ഊഹങ്ങളും വര്‍ജിക്കുവിന്‍. എന്തെന്നാല്‍ ഊഹങ്ങളില്‍ ചിലത് കുറ്റകരമാണ്’ (അല്‍ ഹുജറാത്ത്: 12) മറ്റൊരു സൂക്തത്തിൽ കാണാം.

“സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിക്കണം. അറിയാതെ ഏതെങ്കിലും ഒരു ജനതക്ക് നിങ്ങള്‍ ആപത്ത്‌ വരുത്തുകയും എന്നിട്ട്‌ അതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.’ (ഹുജുറാത്ത്‌ 49) “തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.’ (നജ്‌മ്‌: 28) അബൂഹുറൈറ(റ) നിവേദനം. നബി(സ) പറഞ്ഞു:”നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുക. കാരണം, ഊഹം വര്‍ത്തമാനങ്ങളില്‍വെച്ച് ഏറ്റവും കളവായതാകുന്നു. നിങ്ങള്‍ ചാരവൃത്തിയും ഗൂഢാലോചനയും നടത്തരുത്. അന്യോന്യം വഴക്കുകൂടുകയും അസൂയപ്പെടുകയും വിദ്വേഷം വെക്കുകയും ചെയ്യരുത്. അല്ലാഹുവിന്റെ ദാസന്മാരെ, നിങ്ങള്‍ സഹോദരന്മാരായി വർത്തിക്കണം’ (ബുഖാരി). കോപത്തോടെയുള്ള നോട്ടം പോരായ്മകളെ പുറത്തെടുക്കുമെന്നും തൃപ്തിയുടെ നോട്ടം ന്യൂനതകളെ മറച്ചുവെക്കുമെന്നുമുള്ള കവിയുടെ വാക്ക് ഏറെ ശ്രദ്ധേയമാണ്.

Latest