National
കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ശക്തമായ നിയമ നടപടിയുമായി കോണ്‍ഗ്രസ്
ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കാനിരിക്കുകയാണ് കോണ്‍ഗ്രസ്.
ന്യൂഡല്‍ഹി|കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. ഇന്നലെ വൈകീട്ടാണ് നോട്ടീസ് ലഭിച്ചത്. 2020-21 , 2021-22 വര്‍ഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണമെന്നാണ് ആവശ്യം. നേരത്തെ ആദായ നികുതി വകുപ്പ് നാല് നോട്ടീസുകള്‍ കോണ്‍ഗ്രസിന് അയച്ചിരുന്നു. ഇതുവരെ ലഭിച്ച നോട്ടീസുകള്‍ പ്രകാരം ഏകദേശം 1823 കോടി രൂപ കോണ്‍ഗ്രസ് അടക്കേണ്ടിവരും. പുതിയ നോട്ടീസിലെ തുക എത്രയാണെന്ന് വ്യക്തമല്ല.
അതേസമയം ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കാനിരിക്കുകയാണ് കോണ്‍ഗ്രസ്. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും അടുത്ത ആഴ്ച കോടതിയെ സമീപിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും ബിജെപിയില്‍ നിന്ന് നികുതി പിരിക്കാത്തതും പരമോന്നത കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്ന് നേതാക്കള്‍ അറിയിച്ചു.
കോണ്‍ഗ്രസ്സിനെ സാമ്പത്തികമായി നിരായുധമാക്കാനുള്ള നീക്കത്തിനെതിരെ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തില്‍ ആദായ നികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം. സീതാറാം കേസരിയുടെ കാലം മുതല്‍, ആദായ നികുതിയിലെ പിഴയും പലിശയുമടക്കം 1,823 കോടി രൂപയടക്കാന്‍ നോട്ടീസ് നല്‍കിയതിലാണ് പ്രതിഷേധം.