income tax notice
മഹാരാഷ്ട്ര ഭരണമാറ്റത്തിന് പിന്നാലെ ശരദ് പവാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
ആദായനികുതി വകുപ്പില്‍ നിന്ന് പ്രണയ ലേഖനം ലഭിച്ചെന്ന് പവാറിന്റെ പരിഹാസം

മുംബൈ | മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡി സര്‍ക്കാറിനെ വീഴ്ത്തി ഏക്‌നാഥ് ഷിന്‍ഡെ ബി ജെ പി പിന്തുണയോടെ മുഖ്യമന്ത്രിയായതിന് പിന്നിലെ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തിരഞ്ഞെടുപ്പില്‍ സ്വത്ത് വിവരിച്ച് നല്‍കിയ സത്യവാങ്മൂലം സംബന്ധിച്ചാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. 2004, 2009, 2014, 2020 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുകളുണ്ടെന്ന് പറഞ്ഞാണ് ആദായ നികുതി വകുപ്പ് നടപടി.
എന്നാല്‍ ഇതിന് പരിഹാസകരമായ മറുപടിയാണ് പവാര്‍ ട്വിറ്ററില്‍ നല്‍കിയത്. ആദായ നികുതി വകുപ്പില്‍ നിന്നും ഒരു പ്രണയലേഖനം ലഭിച്ചിട്ടുണ്ട്. 2004 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് അവര്‍ ഇപ്പോള്‍ അന്വേഷിക്കുന്നതെന്നും പവാര് ട്വീറ്റ് ചെയ്തു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും (ഇഡി) കേന്ദ്ര ഏജന്‍സികളുടെയും സഹായം ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്, അതിന്റെ ഫലം ദൃശ്യമാണ്. നോട്ടീസ് ലഭിച്ചതായി നിയമസഭയിലെ പല അംഗങ്ങളും പറയുന്നു. പുതിയൊരു നീക്കമാണിത്. അഞ്ച് വര്‍ഷം മുമ്പ് ഇ ഡി എന്ന പേര് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇന്ന് ഗ്രാമങ്ങളിലുള്ളവര്‍ പോലും നിങ്ങളുടെ പിന്നില്‍ ഒരു ഇ ഡി ഉണ്ടായിരിക്കുമെന്ന് തമാശയായി പറയുന്നുവെന്നും പവാര്‍ ട്വീറ്റ് ചെയ്തു.
അതിനിടെ, ശിവസേന എം പിയും മുന്‍മുഖ്യമന്ത്രി ഉദ്ദവ് താക്കറിന്റെ വിശ്വസ്തനുമായ സഞ്ജയ് റാവത്തിന് ഇ ഡി വീണ്ടും സമന്‍സ് അയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റാവത്ത് ഇന്ന് ഉച്ചയോടെ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.