Connect with us

National

യെദ്യൂരപ്പയെ സമ്മര്‍ദ്ദത്തിലാക്കി ആദായനികുതി വകുപ്പ്; മകന്റെയും പേഴ്‌സണല്‍ അസിസ്റ്റന്റിന്റെയും സ്ഥാപനങ്ങളില്‍ റെയ്ഡ്

ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വിജയേന്ദ്രയ്ക്ക് നല്‍കാത്തതിനെ ചൊല്ലി കര്‍ണാടക ബിജെപിയില്‍ നേരത്തെ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യെദ്യൂരപ്പയെ സമ്മര്‍ദ്ദത്തിലാക്കി ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

Published

|

Last Updated

ബെംഗളുരു| കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ വിശ്വസ്ഥന്റേയും മകന്റേയും സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയഡ്. കര്‍ണാടക ബിജെപിയേയും യെദ്യൂരപ്പ വിഭാഗത്തേയും ഞെട്ടിച്ചാണ് ഇന്ന് രാവിലെ മുതല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്.

യെദ്യൂരപ്പയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഉമേഷിന്റെ സ്ഥാപനങ്ങളിലും മകന്‍ വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള വിവിധ സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന. വിജയേന്ദ്രയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ആദായനികുതി വകുപ്പ് ശേഖരിക്കുന്നുണ്ടെന്നാണ് സൂചന. ഉമേഷിന്റെ രാജാജി നഗറിലെ വീട്ടിലും ബസന്ത് സര്‍ക്കിളിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുകയാണ്. വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള സ്‌പ്രേ സ്റ്റാര്‍ റെസിഡന്‍സി, ആര്‍.എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്.

നരേന്ദ്രമോദിയുടെ രാഷ്ട്രീയ പ്രഭാവം കര്‍ണാടകയില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഗുണം ചെയ്യില്ലെന്ന പ്രസ്താവ കുറച്ചു ദിവസം മുന്‍പ് യെദ്യൂരപ്പ നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വിജയേന്ദ്രയ്ക്ക് നല്‍കാത്തതിനെ ചൊല്ലി കര്‍ണാടക ബിജെപിയില്‍ നേരത്തെ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യെദ്യൂരപ്പയെ സമ്മര്‍ദ്ദത്തിലാക്കി ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

Latest