Pathanamthitta
വിവരാവകാശ അപേക്ഷകള്‍ക്ക് തെറ്റായ മറുപടി; മിനി സിവില്‍സ്റ്റേഷന്‍ മുതല്‍ കലക്ടറേറ്റ് വരെ അപേക്ഷകന്റെ പ്രതിഷേധ നടത്തം
വിവരാവകാശ അപേക്ഷകള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്ത കിടങ്ങന്നൂര്‍ വില്ലേജിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നും ബാലന്‍ വല്ലന ആവശ്യപ്പെട്ടു
പത്തനംതിട്ട | വിവരാവകാശ അപേക്ഷകള്‍ക്ക് തെറ്റായ മറുപടി നല്‍കിയ കിടങ്ങന്നൂര്‍ വില്ലേജാഫീസര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്
വിവരാവകാശ പ്രവര്‍ത്തകനായ ബാലന്‍ വല്ലന കോഴഞ്ചേരി തഹസില്‍ദാര്‍ക്ക്
(ഭൂരേഖാ വിഭാഗം) പരാതി നല്‍കി. തുടര്‍ന്ന് മിനി സിവില്‍സ്റ്റേഷന്‍ മുതല്‍ കലക്ടറേറ്റ് വരെ ഒറ്റയാള്‍ പ്രകടനം നടത്തി.
ശബരിമല തിരുവാഭരണപാതയില്‍ ഉള്‍പ്പെടുന്ന കിടങ്ങന്നൂര്‍ ജംഗ്ഷനിലെ സ്ഥലത്തില്‍ കുറേ ഭാഗം സ്വകാര്യവ്യക്തി വര്‍ഷങ്ങളായി കയ്യേറി വച്ചിരിക്കുകയാണ്. അവിടെ ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണത്തിന്റെ ഭാഗമായി കയ്യേറ്റം ഒഴിപ്പിക്കുന്നതിന് വില്ലേജാഫീസര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയുന്നതിനുവേണ്ടി ഈ വര്‍ഷം ജുലൈ 30ന് വിവരാവകാശ അപേക്ഷ നല്‍കി. നിശ്ചിത സമയത്തിനുള്ളില്‍ വില്ലേജാഫീസര്‍ മറുപടി നല്‍കാതെ വന്നപ്പോള്‍ കോഴഞ്ചേരി ഭൂരേഖാവിഭാഗം തഹസില്‍ദാര്‍ക്ക് അപ്പീല്‍ നല്‍കി. ഇതേതുടര്‍ന്ന് വില്ലേജാഫീസര്‍ നല്‍കിയ മറുപടി കൈവശക്കാരന്‍ ഭൂമി ഒഴിഞ്ഞു എന്നാണ്. എന്നാല്‍ അങ്ങനെയൊരു സംഭവം അവിടെ നടന്നിട്ടില്ല. കൈവശക്കാരന്‍ ഭൂമി മതിലുകെട്ടി തിരിച്ചിരിക്കുന്നു. കൈവശം കൂടുതല്‍ ഉറപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കൂടാതെ ബാലന്റെ മറ്റ് പല അപേക്ഷകള്‍ക്കും ഫീസ് വാങ്ങിയെങ്കിലും മറുപടി നല്‍കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബാലന്‍ വല്ലന ഒറ്റയാള്‍ സമരം നടത്തിയത്. വിവരാവകാശ അപേക്ഷകള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്ത കിടങ്ങന്നൂര്‍ വില്ലേജിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നും ബാലന്‍ വല്ലന ആവശ്യപ്പെട്ടു.