Kerala
ചെറുപ്പക്കാരുടെ ആകസ്മിക മരണ നിരക്കിലെ വര്‍ധന; സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സമദാനി
ഇത്തരം മരണങ്ങളുടെ നിരക്ക് കൊവിഡ് കാലാനന്തരം കൂടിവരുന്നത് സാഹചര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്.
ന്യൂഡല്‍ഹി | യൗവ്വനകാലത്ത് പൊടുന്നനെ മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഗുരുതരമായ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രീയവും പ്രാമാണികവുമായ പഠനങ്ങള്‍ നടത്താനും അതിന്റെ കാരണങ്ങള്‍ കണ്ടെത്തി യഥാസമയമുള്ള ചികിത്സ ഉറപ്പുവരുത്താനും കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ഡോ. എം പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചു. ഇത്തരം മരണങ്ങളുടെ നിരക്ക് കൊവിഡ് കാലാനന്തരം കൂടിവരുന്നത് സാഹചര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്. മഹാമാരിയുടെയോ അതിന്റെ പ്രതിരോധ നടപടികളുടെയോ സ്വാധീനം ഈ സാഹചര്യത്തിന് പിറകിലുണ്ടോ എന്നത് അജ്ഞാതമാണെങ്കിലും അത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം ശാസ്ത്രീയവും ഗവേഷണാത്മകവുമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട് .
നടക്കുമ്പോഴോ ഇരിക്കുമ്പോഴോ എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴോ പെട്ടെന്ന് മരണം സംഭവിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. മരണസംഖ്യാ നിരക്ക് മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വതവെ തന്നെ ചെറുപ്പക്കാരില്‍ കൂടുതലാണ്. ആട്രിയല്‍ ഫിബ്രിലേഷന്‍ തുടങ്ങിയ രോഗങ്ങളും വര്‍ദ്ധിക്കുന്നു.
പെട്ടെന്നുള്ള മരണങ്ങളിലേക്ക് നയിക്കുന്ന രോഗകാരണങ്ങള്‍ സാധാരണ മെഡിക്കല്‍ ടെസ്റ്റുകള്‍ കൊണ്ട് നടത്താനാവില്ല. സി.ടി.പി ആന്‍ഞ്ചിന പോലുള്ള ടെസ്റ്റുകള്‍ ചില രോഗങ്ങളുടെ നിര്‍ണ്ണയത്തിന് സഹായിക്കുമെങ്കിലും അത് വളരെ ചെലവുള്ള പരിശോധനയാണ്. അത്തരം മെഡിക്കല്‍ പരിശോധനകളും അതേ തുടര്‍ന്നുള്ള ചികിത്സകളും സാമ്പത്തികമായി ദുര്‍ബലരായവര്‍ക്ക് ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. 377-ാം വകുപ്പ് അനുസരിച്ചുള്ള സബ്മിഷനിലൂടെയാണ് സമദാനി വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്.