National
പാചകവാതക വില വര്‍ധന; വീട്ടമ്മമാരും ഹോട്ടലുടമകളും അങ്കലാപ്പില്‍
കേന്ദ്രത്തിന്റെ ജനദ്രോഹ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ഡൽഹി| നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം പാചക വാതക സിലിൻഡറിനും വില കുത്തനെ കൂട്ടിയതോടെ വീട്ടമ്മമാരും ഹോട്ടലുടമകളും അങ്കലാപ്പില്‍. 1071.50 രൂപക്ക് സിലിൻഡര്‍ വാങ്ങാന്‍ നട്ടം തിരിയുന്നതിനിടെയാണ് ഇന്ന് 50 രൂപ കൂടി വര്‍ധിപ്പിച്ചത്. ഇതോടെ ജില്ലയില്‍ ഒരു സിലിൻഡറിന് 1,121.50 രൂപ നല്‍കണം. 2022 ഏപ്രിലില്‍ ഒരു സിലിൻഡറിന് 959 രൂപയായിരുന്നു. ജൂലൈ മുതല്‍ ഈ വര്‍ഷം ജനുവരി വരെ 1,062 രൂപയായി തുടര്‍ന്നുവെങ്കിലും ഫെബ്രുവരിയില്‍ 25 രൂപ കൂട്ടിയിരുന്നു. എന്നാല്‍, ഇന്ന് 50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നത്.
നേരത്തേ വരുമാനമില്ലാത്ത കുടുംബത്തിനും ഒരു വര്‍ഷം സബ്സിഡി നിരക്കില്‍ 14.2 കിലോ വീതമുള്ള 12 സിലിൻഡറുകൾ നല്‍കിയിരുന്നുവെങ്കിലും രണ്ട് വര്‍ഷത്തിലേറെയായി അതും നിര്‍ത്തിയിരിക്കുകയാണ്. തന്മൂലം ഗ്രാമീണ മേഖലയിലെ വീട്ടമ്മമാര്‍ സിലിൻഡര്‍ വാങ്ങാന്‍ വളരെയേറെ പ്രയാസപ്പെടുന്നതിനിടെയാണ് ഇപ്പോഴത്തെ വില വർധന. മാസം തോറും ഗ്യാസ് വില കൂട്ടാനാണ് കേന്ദ്ര തീരുമാനമെങ്കില്‍ അടുക്കള പൂട്ടേണ്ടി വരുമെന്ന് വീട്ടമ്മമാർ പറയുന്നു.
സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന ക്ഷേമപെന്‍ഷനാണ് ഒരു പരിധി വരെ ചിലരെയെങ്കിലും മുന്നോട്ട് പോകുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഇത് പാചക വാതക സിലിൻഡര്‍ പോലും വാങ്ങാന്‍ തികയില്ലെന്നാണ് പലരും പറയുന്നത്. നഗരത്തില്‍ മാത്രമല്ല ഗ്രാമീണ മേഖലകളിലും പാചകത്തിന് ഗ്യാസിനെയാണ് ആശ്രയിക്കുന്നത്. വിറകും മണ്ണെണ്ണയും ലഭിക്കാന്‍ പോലുമില്ല.
ഈ സാഹചര്യത്തില്‍ സിലിൻഡറിന്റെ വില വർധനയില്‍ ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് വീട്ടമ്മമാര്‍. കൊവിഡിനെ തുടര്‍ന്ന് ഹോട്ടലുകളും ചെറുകിട ഭക്ഷണശാലകളും കരകയറാന്‍ തുടങ്ങിയിട്ടേയുള്ളൂ. വാണിജ്യ വാതക സിലിൻഡറിന് 351 രൂപയോളം കൂട്ടിയത് ഹോട്ടൽ വ്യാപാരികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ളവക്ക് വില കയറുന്നതിനിടെ വൈകാതെ ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുമെന്നാണ് ഉടമകള്‍ പറയുന്നത്.