National
കൊവിഡ് കേസുകളിലെ വര്‍ധന; കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്
കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് കേരളം, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് കേരളം, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളിലെ പോസ്റ്റീവിറ്റി നിരക്കിലും ആശങ്ക പ്രകടിപ്പിക്കുന്ന കത്തില്‍ മാസ്‌ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ശുചിയാക്കല്‍ തുടങ്ങിയവ കര്‍ശനമായി നടപ്പിലാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ചെറിയ ഒരിടവേളക്കു ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സ്ഥിതിയാണ്. 24 മണിക്കൂറിനിടെ 4,041 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളില്‍ നാല്‍പത് ശതമാനം വര്‍ധനയാണ് ഈയടുത്ത ദിവസങ്ങളില്‍ ഉണ്ടായത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍. സംസ്ഥാനത്ത് ഇന്നലെ 1,278 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.