Connect with us

From the print

മുങ്ങിമരണങ്ങളിൽ വർധന; വർഷം രണ്ടായിരത്തിലധികം മരണങ്ങൾ

നീന്തൽ പരിശീലനം നിർബന്ധമാക്കണമെന്നാവശ്യം

Published

|

Last Updated

ആലപ്പുഴ | പുതുവൈപ്പിനിൽ കഴിഞ്ഞ ദിവസം കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ച സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. അവധിയാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളുമായി ചേർന്നും നടത്തുന്ന യാത്രകൾക്കിടയിൽ കടലിലും മറ്റു ജലാശയങ്ങളിലും കുളിക്കാനിറങ്ങി അപകടത്തിൽപ്പെടുകയും ജീവൻ നഷ്്ടമാകുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നത് ആശങ്കയോടെയാണ് നാട് നോക്കിക്കാണുന്നത്.

മുങ്ങിമരണങ്ങൾ വർധിക്കുമ്പോഴും ഇത് നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നുമുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ജലസമൃദ്ധിയിൽ ഏറ്റവും മുൻനിരയിലുള്ള കേരളത്തിൽ മലയാളികളിൽ ഭൂരിപക്ഷവും നീന്തൽ അറിയാത്തവരാണെന്നതാണ് മുങ്ങിമരണങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.സ്പോർട്സ് കൗൺസിലിന്റേതടക്കം നിരവധി സ്വിമ്മിംഗ് പൂളുകളിൽ മിക്കതും പ്രവർത്തനരഹിതമാണ്.
ഉള്ളവയിൽ തന്നെ നീന്തൽ പരിശീലനത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. നീന്തൽ അറിയാത്തതുമൂലം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം മുങ്ങിമരണങ്ങൾ സംഭവിക്കുന്ന നാടായി കേരളം മാറിയെന്ന് നീന്തൽ പരിശീലനരംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

ഒരു വർഷം ഏകദേശം രണ്ടായിരത്തിലധികം മുങ്ങിമരണങ്ങൾ

സംസ്ഥാനത്തുണ്ടാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുങ്ങിമരിക്കുന്നവരിൽ അധികവും കുട്ടികളും യുവാക്കളുമാണെന്നത് നാടിന്റെ ഭാവിയെ തന്നെ തകർക്കുമെന്ന് സാഹസിക നീന്തൽതാരവും പരിശീലകനുമായ എസ് പി മുരളീധരൻ സിറാജിനോട് പറഞ്ഞു. നീന്തൽ പരിശീലനം സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതാണെന്നും ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഇത് നടപ്പാക്കിയാൽ വർധിച്ചുവരുന്ന മുങ്ങി മരണങ്ങളിൽ നിന്ന് നാടിനെ രക്ഷിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകോത്തര നീന്തൽതാരവും പരിശീലകനും ഇന്ത്യക്കും ശ്രീലങ്കക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളിയുമാണ് മുരളീധരൻ.

Latest