Uae
സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധന
കമ്പനികളുടെ വളർച്ചാ നിരക്ക് 17.02 ശതമാനവും തൊഴിൽ ശക്തി മൊത്തത്തിൽ 12.04 ശതമാനവും വർധിച്ചു.
ദുബൈ| 2024-ൽ യു എ ഇയുടെ തൊഴിൽ വിപണിയിൽ പ്രവേശിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 32.16 ശതമാനം വർധനവുണ്ടായതായി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്റെ) വെളിപ്പെടുത്തി. കമ്പനികളുടെ വളർച്ചാ നിരക്ക് 17.02 ശതമാനവും തൊഴിൽ ശക്തി മൊത്തത്തിൽ 12.04 ശതമാനവും വർധിച്ചു. മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം നൈപുണ്യമുള്ള തൊഴിലാളികളുടെ എണ്ണം 13.23 ശതമാനമായി.
യു എ ഇ സ്വീകരിച്ച നയങ്ങളുടെയും നടപടികളുടെയും വിജയത്തിന്റെ തെളിവാണ് പുതിയ സ്ഥാപനങ്ങളുടെ തുടർച്ചയായ വർധനവ്. നിക്ഷേപങ്ങളെ ആകർഷിക്കുകയും ദേശീയ സമ്പദ്്വ്യവസ്ഥയിൽ സ്വകാര്യമേഖലയുടെ പങ്കിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന സാമ്പത്തികവും നിയമനിർമാണ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾക്ക് ഒരുപോലെ നൽകുന്ന ഉറപ്പുകൾ കാരണം, മൂലധനത്തെയും നിക്ഷേപകരെയും ആകർഷിക്കാനുള്ള രാജ്യത്തിന്റെ ശേഷിയും വർധിച്ചുവെന്ന് ഇത് അടിവരയിടുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
2022 ഫെബ്രുവരിയിൽ നടപ്പിലാക്കിയ ലേബർ റിലേഷൻസ് നിയമം, എല്ലാ കക്ഷികൾക്കും നിയമപരമായ പരിരക്ഷകൾ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഉത്പാദനക്ഷമത വർധിപ്പിച്ചിട്ടുണ്ട്. മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനും മൊത്തത്തിലുള്ള ബിസിനസ് അന്തരീക്ഷം ഗണ്യമായി വർധിപ്പിക്കുന്നതിനും ഈ നിയമം നിർണായകമാണ്. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നിരവധി നയങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് സംവിധാനവും സേവിംഗ്, തൊഴിലില്ലായ്മ ഇൻഷ്വറൻസ് സംവിധാനങ്ങളും ഇതിൽ ഏറ്റവും ശ്രദ്ധേയമാണ്. ഇവയുടെ ഫലമായി 2024-ലെ ആഗോള തൊഴിൽ സൂചികയിൽ യു എ ഇ അറബ് ലോകത്ത് ഒന്നാം സ്ഥാനത്താണ്.