Health
കൊവിഡ് കാലത്ത് ക്ഷയരോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്;ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്
2020ല്‍ മാത്രം, ക്ഷയരോഗം മൂലം ലോകത്താകമാനം 15 ലക്ഷം ആളുകള്‍ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ന്യൂഡല്‍ഹി| ക്ഷയരോഗികളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് കാലത്ത് വളരെ കുറച്ച് പേര്‍ മാത്രമാണ് ക്ഷയരോഗം പരിശോധിക്കുന്നത്. ഇക്കാരണത്താലാണ് ക്ഷയരോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ചയായിരുന്നു ഈ വര്‍ഷത്തെ ക്ഷയരോഗികളുടെ കണക്ക് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. 2020ല്‍ മാത്രം, ക്ഷയരോഗ ബാധ മൂലം ലോകത്താകമാനം 15 ലക്ഷം ആളുകള്‍ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2019ല്‍ 14 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാചീന കാലം മുതല്‍ക്കേ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഈ അണുബാധയുടെ തെളിവുകള്‍ ഈജിപ്ഷ്യന്‍ മമ്മികളിലും കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല, ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മറ്റേത് പകര്‍ച്ച വ്യാധിയിലും കൂടുതല്‍ ആളുകള്‍ ക്ഷയ രോഗം ബാധിച്ച് മരണപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ പെട്ടന്ന് ബാധിക്കുന്ന ഒരു ബാക്ടീരിയയാണ് ഈ അസുഖത്തിന് കാരണമാകുന്നത്. ഈ രോഗബാധ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അടുത്തയാളിലേക്ക് പകരുന്നതിനിടയാക്കും. ലോകത്തിലെ മൊത്തം ജനസംഖ്യയിലെ കാല്‍ഭാഗം ജനങ്ങളിലും ക്ഷയബാധയുടെ ഒളിഞ്ഞിരിക്കുന്ന അണുബാധയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.
2020ല്‍ 58 ലക്ഷം ആളുകളില്‍ പുതിയതായി ക്ഷയരോഗം കണ്ടെത്തിയിട്ടുണ്ട്. 2019ല്‍ 71 ലക്ഷം പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഔദ്യോഗികമായി കണ്ടെത്തിയതിന് പുറമേ 40 ലക്ഷം പേര്‍ക്കുകൂടി ക്ഷയരോഗം ബാധിച്ചിട്ടുണ്ടാകാം എന്നാണ് റിപ്പോര്‍ട്ട്.