Editorial
സുരക്ഷ കൂട്ടുന്നതോ, കരിപ്പൂരിന്റെ ചിറകരിയുന്നതോ?
കരിപ്പൂരിനെതിരെ നടക്കുന്ന ശക്തമായ പ്രചാരണങ്ങളില്‍ സ്വകാര്യ വിമാനത്താവള ലോബിക്ക് കാര്യമായ പങ്കുണ്ട്. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സൗകര്യത്തോടെ കരിപ്പൂരിനെ നിലനിര്‍ത്തുന്നതിനും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിച്ചു കിട്ടുന്നതിനും ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാന്‍ ചില ലോബികള്‍ ശ്രമം തുടങ്ങിയിട്ടു കാലങ്ങളായി. വലിയ വിമാനങ്ങളെ അകറ്റി ചെറിയ വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്ന എയര്‍പോര്‍ട്ടായി ഇതിനെ പരിമിതപ്പെടുത്താനാണ് നീക്കം. നേരത്തേ റണ്‍വേ നവീകരണത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം വലിയ വിമാനങ്ങള്‍ക്ക് ഇവിടെ വിലക്കേര്‍പ്പെടുത്തി. പിന്നീട് വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചു. എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് നടന്ന വിമാനദുരന്തത്തിനു പിന്നാലെ പിന്നെയും വിലക്കുവീണു. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) വര്‍ധിപ്പിക്കുന്നതിന്റെ മറവില്‍ നിലവിലെ റണ്‍വേയുടെ നീളം 2,860 മീറ്ററില്‍ നിന്ന് 2,560 മീറ്ററാക്കി കുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതുസംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി വിമാനത്താവള ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. റണ്‍വേ നീളം കുറക്കുന്ന പ്രവൃത്തി ജൂലൈ 31നകം തീര്‍ക്കണമെന്നും ലൈറ്റ് സംവിധാനങ്ങള്‍ തുടങ്ങി മറ്റു ജോലികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്നും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു. റണ്‍വേയുടെ നീളം കുറയുന്നതോടെ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാകും. റണ്‍വേയുടെ നീളം 300 മീറ്റര്‍ കുറയുന്നതോടെ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തണമെങ്കില്‍ അവയുടെ ഭാരം ഗണ്യമായി കുറക്കേണ്ടിവരും. അതിന് യാത്രക്കാരുടെ എണ്ണം, കാര്‍ഗോ, ലഗേജ് എന്നിവ നിയന്ത്രിക്കേണ്ടതുണ്ട്. യാത്രക്കാരും ലഗേജും കുറയുമ്പോള്‍ വിമാന സര്‍വീസിനു ചെലവേറും. ലാഭകരമല്ലാത്ത സര്‍വീസിന് വിമാനക്കമ്പനികള്‍ സന്നദ്ധമായേക്കില്ല. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതക്കും ഇതോടെ മങ്ങലേല്‍ക്കും. നിലവിലുള്ള റണ്‍വേ നിലനിര്‍ത്തിയാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ക്ക് സുഗമമായി ഇറങ്ങാനാകുകയുള്ളൂ. അതിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുകയാണ് എയര്‍പോര്‍ട്ട് അതോറിറ്റി.
2020ലെ വിമാനാപകടത്തെക്കുറിച്ച് അന്വേഷിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ എ ഐ ബി) യുടെ നിര്‍ദേശപ്രകാരമാണ് റണ്‍വേ ചുരുക്കി ‘റിസ’ ഏരിയയുടെ വിസ്തൃതി കൂട്ടുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സമിതി ഇതുവരെ സ്ഥലം സന്ദര്‍ശിക്കുകയോ വ്യോമയാന മന്ത്രാലയത്തിന് ഇതുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. നേരത്തേ മലബാറില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗങ്ങളായ എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, എം പി അബ്ദുസ്സമദ് സമദാനി തുടങ്ങിയവര്‍ വിദഗ്ധരുടെ സഹായത്തോടെ കരിപ്പൂരിന്റെ പ്രശ്നങ്ങള്‍ വിശദമായി പഠിച്ച് ഒരു റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിലവിലുള്ള സ്ഥലം പൂര്‍ണമായും വിമാനത്താവളത്തിനായി ഉപയോഗിക്കുക, വിമാനത്താവളത്തിനകത്തെ വിദ്യാലയം, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ്, ഇന്ധനക്കമ്പനികള്‍ക്ക് അനുവദിച്ച സ്ഥലം തുടങ്ങിയവ പുറത്തേക്കു മാറ്റുക തുടങ്ങിയവയാണ് അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍. ഇത് നടപ്പാക്കിയാല്‍ നല്ല സൗകര്യത്തോടെ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ നിര്‍ദേശങ്ങള്‍ പാടേ തള്ളിയാണ് വിമാനത്താവള അതോറിറ്റി റണ്‍വേ നീളം കുറക്കാനുള്ള തീരുമാനമെടുത്തത്. മലബാര്‍ ഡെവലപ്മെന്റ് ഫോറം ആരോപിക്കുന്നതു പോലെ ഇതിനു പിന്നില്‍ തികഞ്ഞ ഗൂഢാലോചനയുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
പൊതുമേഖലാ വിമാനത്താവളങ്ങളുടെ ഗണത്തില്‍ ചെന്നൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരും വരുമാനവുമുള്ള വിമാനത്താവളമാണ് കരിപ്പൂര്‍. കഴിഞ്ഞ ഏപ്രില്‍ -ഡിസംബര്‍ കാലയളവില്‍ 7,433 വിമാന സര്‍വീസുകളിലായി 9,11,756 അന്താരാഷ്ട്ര യാത്രക്കാര്‍ കരിപ്പൂര്‍ വഴി യാത്ര ചെയ്തു. ചെന്നൈയില്‍ നിന്ന് 13,482 സര്‍വീസുകളിലായി 10,00,152 അന്താരാഷ്ട്ര യാത്രക്കാരും. കരിപ്പൂരിനെ അപേക്ഷിച്ച് ചെന്നൈക്ക് ഇരട്ടി സര്‍വീസുകളുണ്ടായിട്ടും 88,396 യാത്രക്കാര്‍ മാത്രമാണ് കൂടുതലുള്ളത്. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളില്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കാന്‍ ശ്രമിക്കുമ്പോള്‍, കരിപ്പൂരില്‍ സര്‍വീസുകള്‍ കൂട്ടാന്‍ ശ്രമിക്കുന്നതിന്റെ കാരണവും യാത്രക്കാരുടെ ബാഹുല്യമാണ്. എന്നാല്‍ സര്‍വീസ് വര്‍ധിപ്പിക്കാനുള്ള അവരുടെ ആവശ്യത്തോട് അധികൃതര്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. 2020-21 കാലയളവില്‍ 92 കോടി രൂപയോളമായിരുന്നു കോഴിക്കോട് വിമാനത്താവളത്തിന്റെ ലാഭം. വലിയ വിമാനങ്ങളുടെ സര്‍വീസ് ഇല്ലാതെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നത് ശ്രദ്ധേയമാണ്. വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസിന് അനുമതി നല്‍കിയാല്‍ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കരിപ്പൂര്‍ ഒന്നാം സ്ഥാനത്തെത്തും.
റണ്‍വേ നീളം വെട്ടിക്കുറക്കുകയും വലിയ വിമാനങ്ങളുടെ സര്‍വീസ് നിലക്കുകയും ചെയ്താല്‍ പ്രവാസികളാണ് കൂടുതല്‍ പ്രയാസപ്പെടുക. മലബാറിലെ പ്രവാസികളില്‍ ബഹുഭൂരിഭാഗവും കരിപ്പൂര്‍ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന ഘട്ടത്തില്‍ അവര്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കില്‍ ഗള്‍ഫിലേക്ക് ടിക്കറ്റുകള്‍ ലഭിച്ചിരുന്നു. വലിയ വിമാനങ്ങളുടെ സര്‍വീസ് നിലച്ചതോടെ ടിക്കറ്റിന് അന്നത്തേതിന്റെ ഇരട്ടിയോളം തുക നല്‍കേണ്ട അവസ്ഥയാണ്.
കേരളത്തില്‍ രണ്ട് സ്വകാര്യ വിമാനത്താവളങ്ങള്‍ വന്നതോടെയാണ് കരിപ്പൂരിനെതിരായ നീക്കങ്ങള്‍ ശക്തിപ്പെട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസി യാത്രക്കാരുള്ളതും ഹജ്ജ് സര്‍വീസിന് അടക്കം വലിയ വിമാനങ്ങള്‍ യഥേഷ്ടം ഇറങ്ങിയതുമായ ഇവിടെ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ തടസ്സമായാല്‍ അത് മറ്റു വിമാനത്താവളങ്ങള്‍ക്ക് ഗുണം ചെയ്യും. റണ്‍വേയുടെ നീളക്കുറവും ടേബിള്‍ ടോപ്പ് സ്വഭാവവും മറ്റും ചൂണ്ടിക്കാട്ടി കരിപ്പൂരിനെതിരെ നടക്കുന്ന ശക്തമായ പ്രചാരണങ്ങളില്‍ സ്വകാര്യ വിമാനത്താവള ലോബിക്ക് കാര്യമായ പങ്കുണ്ട്. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സൗകര്യത്തോടെ കരിപ്പൂരിനെ നിലനിര്‍ത്തുന്നതിനും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിച്ചു കിട്ടുന്നതിനും ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ട്.