Kerala
റേഷന്‍ വ്യാപാരികളുടെ അനശ്ചിതകാല സമരം; സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപ്പെട്ടേക്കും
ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നിഷേധിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരും എന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്
തിരുവനന്തപുരം | റേഷന്‍ വ്യാപാരികള്‍ അനശ്ചിതകാല സമരം തുടങ്ങുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്കാണ് സമരം ചെയ്യുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം
നേരത്തെ മന്ത്രി ജിആര്‍ അനില്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തി പണിമുടക്കില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. വേതന വര്‍ധനവ് ഒഴികെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുകയും വേതന വര്‍ധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പരിഗണിക്കാമെന്നാണ് മന്ത്രി അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം.വാതില്‍പ്പടി വിതരണക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ കടകളില്‍ എത്തിച്ചാലും ധാന്യങ്ങള്‍ സ്വീകരിക്കില്ലെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്. അതേ സമയം ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നിഷേധിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരും എന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്