Connect with us

doctors strike

മെഡിക്കല്‍ കോളജ് അധ്യാപകരുടെ അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്നുമുതല്‍

അധ്യയനവും രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളില്‍ നിന്നു വിട്ടു നില്‍ക്കും

Published

|

Last Updated

തിരുവനന്തപുരം | മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെ ജി എം സി ടി എ നടത്തുന്ന അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് ആരംഭിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണു സമരം.

അധികാരികളുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ ജി എം സി ടി എ സംസ്ഥാന സമിതിക്ക് വേണ്ടി പ്രസിഡന്റ് ഡോ. നിര്‍മ്മല്‍ ഭാസ്‌കറും സെക്രട്ടറി ഡോ. റോസ്‌നാര ബീഗവും അറിയിച്ചു.

സമരത്തിന്റെ ഭാഗമായി കോളജുകളിലെ അധ്യയനവും രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളില്‍ നിന്നു വിട്ടു നില്‍ക്കുമെന്നു സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി. പണി മുടക്കുന്ന അധ്യാപകര്‍ അവലോകന യോഗങ്ങള്‍, വി ഐ പി ഡ്യൂട്ടി എന്നിവ ബഹിഷ്‌കരിക്കും. ഒ പിയില്‍ ഒരു ഡോക്ടര്‍ നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചിത എണ്ണം രോഗികളെ മാത്രമേ പരിശോധി ക്കുകയുള്ളൂ. ബാക്കി സമയം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരമുള്ള അധ്യയന പ്രവര്‍ത്തനങ്ങള്‍ നടത്തും.

വാര്‍ഡില്‍ നിശ്ചിത പരിധിയേക്കാല്‍ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കില്ല. നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാവുന്ന ഓപ്പറേഷനുകള്‍ മാത്രം നടത്തും. ഉച്ചഭക്ഷണത്തിനുള്ള 45 മിനിറ്റ് ഇടവേള നിര്‍ബന്ധമായും പ്രയോജനപ്പെടുത്തും. ഈ ഇടവേള ജോലി സമയത്തിനുള്ളില്‍ തന്നെ എടുക്കും. ഒ പി, വാര്‍ഡ്, തീയറ്റര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരും ഇത് പാലിക്കും.