Connect with us

prathivaram book review

മായാത്ത ഓർമച്ചിത്രങ്ങൾ

നോവലിൽ നിസ്സഹായരായ സ്ത്രീകൾ എവിടെയും നേരിടേണ്ടി വരുന്ന പീഡനത്തിന്റെ ചിത്രമുണ്ട്, രാഷ്ട്രീയ മൂല്യച്യുതികൾക്കെതിരെയുള്ള രോഷമുണ്ട്, സർക്കാർ ഓഫീസുകളിലും മറ്റ് അധികാരകേന്ദ്രങ്ങളിലും സാധാരണക്കാരൻ നേരിടേണ്ടി വരുന്ന അവഗണനക്കെതിരെയുള്ള പ്രതിഷേധമുണ്ട്.അവിസ്മരണീയമായ ഒരു വായനാനുഭവമാണ് ഇതിൽ പകർന്നു നൽകുന്നത്.

Published

|

Last Updated

ഴുത്തുകാരനും പത്രപ്രവർത്തകനുമായ ഷാനവാസ് പോങ്ങനാടിന്റെ ഏറ്റവും പുതിയ നോവലാണ് “ഗന്ധയാമിനി’. മനുഷ്യ മനസ്സിൽ ഇന്നും തീരാത്ത നൊമ്പരമായി അവശേഷിക്കുന്ന ഗുജറാത്ത് കലാപം പശ്ചാത്തലമായ ഈ നോവൽ വായനക്ക് ശേഷവും മനസ്സിൽ അസ്വസ്ഥ ചിന്തകളുടെ നെരിപ്പോടുകളുണർത്തുന്ന ഭാവതീവ്രമായ അനുഭവമാണ്. നിരപരാധികളായ എത്രയോ പേരുടെ നിലവിളികൾ ഇപ്പോഴും ബാക്കി നിൽക്കുന്ന, നിർഭാഗ്യകരമായ സ്വാതന്ത്ര്യാനന്തര ലഹളകൾക്ക് ശേഷം മനുഷ്യ മനസ്സാക്ഷിയെ ഏറെ പിടിച്ചുലച്ച ഗുജറാത്ത് കലാപം ഇപ്പോഴും മതേതര ഭാരതത്തിന്റെ നെഞ്ച് എരിച്ചു കൊണ്ടിരിക്കുന്നു. അവ ആസ്പദമാക്കി എത്രയോ ലേഖനങ്ങളും കഥകളും കവിതകളും ഇപ്പോഴും എഴുതപ്പെടുന്നു. അക്കൂട്ടത്തിൽ എന്തു കൊണ്ടും ശ്രദ്ധേയമാണ് “ഗന്ധയാമിനി’ എന്ന ഈ നോവൽ.

കലാപത്തിൽ നിന്നും രക്ഷപ്പെട്ട് സ്വന്തം നാട്ടിലേക്ക് ഓടിപ്പോരുന്ന കനകരാജനിലൂടെയാണ് കഥ വികസിക്കുന്നത്. കേരളീയരായ മാതാപിതാക്കളുടെ മകനായി ഗുജറാത്തിൽ ജനിച്ച് അവിടെ തന്നെ പഠിച്ച് ജോലി നേടിയ പ്രൊഫസർ കനകരാജൻ. ഇടക്കിടെയുണ്ടാകുന്ന വർഗീയ കലാപങ്ങൾ ഒരു തീക്കനലായി ഗുജറാത്തിന്റെ ഉറക്കം കെടുത്തുന്നതിൽ അസ്വസ്ഥനാണ് ഏതൊരു മതേതര ചിന്തഗതിക്കാരനെപ്പോലെ കനകരാജനും. അയാളുടെ ജീവിതവും അവിചാരിതമായ സംഭവഗതികളിൽ മാറിമറിയുന്നു. വർഗീയവാദികളുടെ കൊലക്കത്തിയിൽ ജീവൻ നഷ്ടപ്പെട്ട ഒരാളുടെ ഭാര്യയെ അയാൾക്ക് ജീവിത സഖിയാക്കേണ്ടി വന്നു. അവളുടെ കുട്ടി അയാളുടെ പ്രിയപ്പെട്ട അപർണയായി.

ഈ പ്രവൃത്തി അയാളെ വർഗീയ വാദികളുടെ കണ്ണിലെ കരടാക്കി മാറ്റുന്നു. ഒടുവിൽ മാനവും മനസ്സും മനുഷ്യരും ചുട്ടെരിക്കപ്പെട്ട കലാപത്തിൽ കനകരാജന്റെ ഭാര്യയും ഇരയാക്കപ്പെടുന്നു. അവിടുന്ന് ഓടിരക്ഷപ്പെട്ട് അച്ഛന്റെ നാട്ടിലേക്കെത്തുകയാണ് അയാളും മകളും. ഡോ. കനകരാജനു കീഴിൽ ഗവേഷണ വിദ്യാർഥിയായിരുന്ന സുധീശനും അദ്ദേഹത്തോടൊപ്പം രക്ഷപ്പെട്ടു.

അയാളുടെ പ്രിയപ്പെട്ട മാധുരിയെക്കുറിച്ചുള്ള ഓർമകൾ അപ്പോഴും അയാളെ പിന്തുടർന്നു. നാട്ടിൽ പോയി തിരിച്ച് വന്ന് ഗോധ്ര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന അവളെക്കുറിച്ച് പിന്നെ ഒരു വിവരവും ഉണ്ടായിരുന്നില്ല. നിർഭാഗ്യകരമായ ഗോധ്ര കലാപം നടന്ന ദിവസമാണ് മാധുരിയും അതിനിടയിൽ വന്നു പെട്ടത്. അതു കൊണ്ടു തന്നെ അവളും കലാപത്തിന് ഇരയാക്കപ്പെട്ടു എന്ന് അയാൾ വിശ്വസിച്ചു. വിവാഹം വരെ ഉറപ്പിച്ചു വെച്ചിരിക്കെ ഉണ്ടായ അപ്രതീക്ഷിത ആഘാതവുമായാണ് അയാൾ അദ്ധ്യാപകനായ കനകരാജൻ സാറുമായി നാട്ടിലേക്ക് രക്ഷപ്പെട്ടുപോന്നത്.

എത്രയോ വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തപ്പെട്ട ഡോ. കനകരാജൻ തൈക്കാട് ദിവാകരന്റെ മകനാണെന്ന് നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയപ്പോഴേക്കും നാട്ടിൽ ചരിത്രം സൃഷ്ടിച്ച ദിവാകരന്റെ തിരോധാനത്തിന്റെ ചരിത്രം തിരയുകയായിരുന്നു പഴയ തലമുറ. അപ്രതീക്ഷിതമായ സംഭവങ്ങൾക്കൊടുവിൽ ഗുജറാത്തിലേക്ക് നാടു വിട്ടുപോയ ദിവാകരനെപ്പറ്റി പിന്നെ ഇപ്പോൾ മകനിലൂടെയാണ് പുതിയ തലമുറ അറിയുന്നത്.

എങ്കിലും ഉന്നത ബിരുദധാരിയായ ഒരാളെന്നോ ഗുജറാത്തിലെ സർവകലാശാലയിലെ അധ്യാപകനായിരുന്നെന്നോ ഒന്നും ഒരിക്കലും ഡോക്ടർ കനകരാജൻ ആരോടും പറഞ്ഞില്ല. എപ്പോഴും സ്വന്തം ദുഃഖങ്ങളിൽ മുഴുകി സംസാരം കുറച്ച് പുസ്തക രചനയിൽ വ്യാപൃതനായി അദ്ദേഹം കഴിഞ്ഞു കൂടി. അതിനിടയിൽ കടന്നുവരുന്ന അവിസ്മരണീയരായ നിരവധി കഥാപാത്രങ്ങളിലൂടെയാണ് നോവൽ വികസിക്കുന്നത്.

നാടിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന പൊന്നപ്പൻ പിള്ള അവിസ്മരണീയമായ ഒരു കഥാപാത്രമാണ്. പകൽ രാഷ്ട്രീയ പ്രവർത്തനവും രാത്രിയുടെ മറവിൽ തിന്മയുടെ പ്രതീകവുമായി ജീവിക്കുന്ന പൊന്നപ്പൻ പിള്ള അപചയത്തിൽ അഭിരമിക്കുന്ന ആധുനിക രാഷ്ടീയത്തിന്റെ നേർചിത്രമാണ്. അയാളുടെ ക്രൂരതകൾക്കിരയാകുന്ന സുജാതയും അമ്മയുമൊക്കെ നേരിടുന്ന യാതനകളുടെ ചിത്രങ്ങൾ അനുവാചക മനസ്സിനെ പിടിച്ചുലയ്ക്കുന്ന രീതിയിൽ നോവലിസ്റ്റ് വരച്ചിടുന്നു. ഏറെ പരിശ്രമത്തിലൂടെ നേടിയ ജോലി വേണ്ടെന്ന് വെക്കുന്ന സുജാത വായനക്കാരുടെ മനസ്സിലെ നൊമ്പരക്കാഴ്ചയാണ്.

അവസാനം, അനിവാര്യമായ ദുരന്തത്തിലേക്ക് നീങ്ങിയ പൊന്നപ്പൻ പിള്ളയെ ഓർത്ത് സഹതപിക്കാൻ പോലും ആരുമുണ്ടായില്ല.സുജാതയുടെ ആശ്രിത നിയമനത്തിന്റെത് ഉൾപ്പെടെ ദുഃഖ ഘനീഭവിച്ചു കിടക്കുന്ന പല ഫയലുകളുടെയും ചുവപ്പുനാട അഴിക്കാനാവാതെ വീർപ്പുമുട്ടുന്ന സർക്കാർ ജീവനക്കാരുടെ പ്രതീകമായ രഞ്ജിനി ഉൾപ്പെടെ മിഴിവാർന്ന ഒട്ടേറെ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടുന്നു. സുധീശിന്റെ സ്നേഹം ഒരിക്കൽ നിരസിച്ച രഞ്ജിനി അവസാനം സുധീശിന്റെ സാന്ത്വന കേന്ദ്രത്തിലേക്ക് അഭയം തേടി എത്തുന്നതും മറക്കാനാകാത്ത ചിത്രമാണ്. പക്ഷേ, കാലം കാത്തുവെച്ചിരുന്നത് അപ്രതീക്ഷിതമായ വഴിത്തിരിവുകളായിരുന്നു.
പ്രതീക്ഷിക്കാത്ത ക്ളൈമാക്സിൽ നോവൽ അവസാനിക്കുമ്പോൾ ഗുജറാത്ത് കലാപവും അതിന്റെ വേദനാജനകമായ അനുബന്ധ ചിത്രങ്ങളും വായനക്കാരുടെ മനസ്സിൽ തീരാത്ത നൊമ്പരമായി അവശേഷിക്കുന്നു. എത്ര മായ്ച്ചാലും മായാത്ത വർഗീയതയുടെ ഉറഞ്ഞുതുള്ളലായി അതിന്റെ പുകപടലങ്ങൾ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണല്ലോ?

ഗുജറാത്ത് കലാപത്തിന്റെ അനന്തര ചിത്രങ്ങൾ , കേരളീയ പശ്ചാത്തലത്തിൽ അവിസ്മരണീയ കഥാപാത്രങ്ങളിലൂടെ, ഹൃദയസ്പർശിയായി ആവിഷ്്കരിക്കുന്നതിൽ രചയിതാവ് വിജയിച്ചിരിക്കുന്നു എന്നതിൽ സംശയമില്ല. “ഗന്ധയാമിനി’യിൽ ഗുജറാത്ത് കലാപം മാത്രമല്ല, അതിന്റെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെ കഥയുണ്ട്, നിസ്സഹായരായ സ്ത്രീകൾ എവിടെയും നേരിടേണ്ടി വരുന്ന പീഡനത്തിന്റെ ചിത്രമുണ്ട്, രാഷ്ട്രീയ മൂല്യച്യുതികൾക്കെതിരെയുള്ള രോഷമുണ്ട്, സർക്കാർ ഓഫീസുകളിലും മറ്റ് അധികാരകേന്ദ്രങ്ങളിലും സാധാരണക്കാരൻ നേരിടേണ്ടി വരുന്ന അവഗണനക്കെതിരെയുള്ള പ്രതിഷേധമുണ്ട്.

അവിസ്മരണീയമായ ഒരു വായനാനുഭവമാണ് “ഗന്ധയാമിനി’ യിലൂടെ ഗ്രന്ഥകാരൻ വായനക്കാർക്ക് പകർന്നു നൽകുന്നത്. പ്രസാധകർ മെലിൻഡ ബുക്സ്, തിരുവനന്തപുരം. വില 330 രൂപ.

Latest