Connect with us

Cover Story

കുഞ്ചെറിയായുടെ സ്വാതന്ത്ര്യം

മഴ പെയ്തൊഴിഞ്ഞ ദിവസങ്ങൾക്കവസാനം സ്വാതന്ത്ര്യ ദിനം വന്നു. കുഞ്ചെറിയാ വേലക്കാരിയോട് പറഞ്ഞ് ചൂടുവെള്ളമെത്തിച്ചു. പിണ്ണ തൈലം തേച്ചുഴിഞ്ഞ് കുളിച്ചു. ഇന്ന് വലിവുണ്ടാകരുത്. പ്രസംഗിക്കേണ്ടതാണ്. ഓട്സ് ചൂടു പാലിലിളക്കി കഴിച്ചു.

Published

|

Last Updated

തന്റെ സാമ്രാജ്യമായ നീളൻ വരാന്തയിൽ കരിവീട്ടി കൊണ്ട് കടഞ്ഞെടുത്ത ചാരു കസേരയിലിരുന്ന് മുറ്റത്ത് പെയ്യുന്ന മഴ കാണുകയായിരുന്നു കുഞ്ചെറിയ. ഈ തിണ്ണയും വരാന്തയും എന്റെയാകുന്നു. എന്റെ മാത്രമാകുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഇടയ്ക്കിടെ കൊച്ചുമക്കളുടെ വായിൽ നിന്ന് ഉയർന്ന് കേൾക്കുന്ന ജെൻഡർ ഇക്ക്വാലിറ്റി, ഹ്യൂമൻ റൈറ്റ്സ്, പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് തുടങ്ങിയ ഭാരപ്പെട്ട വാക്കുകൾ തനിക്ക് വിനയാകാതിരിക്കാനും കുഞ്ചെറിയ വരാന്ത സന്ദർശനം ദിവസത്തിൽ ഒരു പത്ത് വട്ടം നടത്തിപ്പോന്നു.

“അപ്പാപ്പന്റെ ഈ ലോംഗ് ചെയറിൽ എല്ലാരും സിറ്റ് ചെയ്താൽ എന്താ പ്രോബ്ലം. ‘ കൊച്ചുമകൻ ഗീവസ് ഇടയ്ക്കിടെ അതിൽ കയറിയിരിക്കാനുള്ള അവകാശവാദം ഉന്നയിച്ചുകൊണ്ടിരുന്നു. എന്നിട്ടു വേണം ഇവിടെ നിന്ന് കൂടി എന്നെ പറഞ്ഞയക്കാൻ. പ്രായാധിക്യത്തിൽ അന്യാധീനമായ് പോയ സ്വന്തം മണ്ണിനെ നോക്കി അയാൾ മനസ്സിൽ പറഞ്ഞു.
ഓരോന്നോർത്ത് കിടക്കുമ്പോഴാണ് മോളിക്കുട്ടി സ്കൂളിൽ നിന്നും വന്ന് കയറിയത്.

മഴച്ചാറ്റൽ കൊണ്ട് ഇവിടെ ഇരിക്കരുതെന്ന് അപ്പനോട് പറഞ്ഞിട്ടില്ലേ. അതെങ്ങനാ പറഞ്ഞാ കേക്ക്വോ? വലിവ് കൂടിയാൽ മോൻ അമേരിക്കേന്ന് എത്തൂല നോക്കാൻ. ഈ ഞാനേയുള്ളൂ.
മരുമകളുടെ സുവിശേഷ വായനയിൽ കുഞ്ചെറിയാ തോറ്റെണീറ്റ് അകത്തേക്ക് നടന്നു.
“ആ…. അപ്പനോട് ഒരു കാര്യം പറയാനുണ്ട്.’ മോളിക്കുട്ടി കുട മടക്കി പെരയ്ക്കാത്ത് കയറി. കുഞ്ചെറിയാ തിരിഞ്ഞുനിന്നു.
എന്നതാ?
അതേയ് സ്വാതന്ത്ര്യ ദിനത്തിന്റന്നേ എന്റെ സ്കൂളീന്ന് കൊറച്ച് സാറമ്മാര് അപ്പനെ ഇന്റർവ്യൂ ചെയ്യാനും, ആദരിക്കാനും ഒക്കെ വരുന്നുണ്ട്. അന്ന് കൊറച്ച് വൃത്തീം മെനേമൊള്ള വേഷോം ഇട്ടോണ്ടിരുന്നോണം.
അതെന്നാടി മോളിക്കുട്ടീ ഇപ്പോ ഒരു പ്രത്യേകത ?
ചേനക്കരേല് സ്വാതന്ത്ര്യ സമര സേനാനീന്ന് പറയാൻ അപ്പൻ മാത്രേ ഉള്ളൂ. അങ്ങനൊള്ളോരെ അന്ന് ആദരിക്കണംന്നാ എല്ലാരുടേം തീരുമാനം.
കുഞ്ചെറിയായ്ക്ക് രണ്ട് ദിവസം വലിവേ ഉണ്ടായില്ല. വാർധക്യ ക്ലേശങ്ങളൊക്കെ മറന്ന് അയാൾ
എന്തൊക്കെയോ സ്വപ്നം കണ്ടു.

താൻ ഏറ്റവും പുതിയ ഡ്രസ്സ് ധരിക്കുന്നത്. കാറ്റും വെളിച്ചവും കൊണ്ട് ചേനക്കരയുടെ ഗ്രാമവഴികളിലൂടെ നടക്കുന്നത്. എല്ലാവരുടെയും സ്നേഹമേറ്റുവാങ്ങി ചെറുതെങ്കിലും തന്റെ സമരകാലത്തെ കുറിച്ച് പറയുന്നത്. ആദരമേറ്റ് വാങ്ങുന്നത്. ഏറ്റവുമവസാനം മധുരമിട്ട കാപ്പിയും കടിയും കഴിക്കുന്നത്. ഇതിനൊക്കെ പുറമേ കുഞ്ചെറിയായെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് അന്നെങ്കിലും മാത്തനേയും, ഗീവറീതിനേം കാണാല്ലോ എന്നുള്ളതായിരുന്നു.

മഴ പെയ്തൊഴിഞ്ഞ ദിവസങ്ങൾക്കവസാനം സ്വാതന്ത്ര്യ ദിനം വന്നു.
കുഞ്ചെറിയാ വേലക്കാരിയോട് പറഞ്ഞ് ചൂടുവെള്ളമെത്തിച്ചു. പിണ്ണ തൈലം തേച്ചുഴിഞ്ഞ് കുളിച്ചു. ഇന്ന് വലിവുണ്ടാകരുത്. പ്രസംഗിക്കേണ്ടതാണ്. ഓട്സ് ചൂടു പാലിലിളക്കി കഴിച്ചു.
വെള്ള ഷർട്ടും മുണ്ടും ധരിച്ച് പ്രൗഢിയോടെ
ചാരുകസേരയിലിരുന്നു. എത്ര കാലം കൊണ്ടാണ് ഇന്ന് പുറത്തേക്കിറങ്ങുന്നത്. വൈകാതെ തന്നെ ഒരുപറ്റം ആൾക്കാർ നടകയറി വരുന്നത് കുഞ്ചെറിയാ കണ്ടു.
അവർ ചുറ്റുമിരുന്ന് കുറെ ചോദ്യങ്ങൾ ചോദിച്ചു.

കുഞ്ചെറിയാ ചരിത്രം പറഞ്ഞു. കനല് പൊള്ളണ കഥകൾ വിളമ്പി. വൃദ്ധനുണർന്നു യുവാവായി.
കുഞ്ചെറിയായുടെ തിമിർപ്പ് കണ്ടൊരു കുട്ടി ചോദിച്ചു. എന്താപ്പാപ്പാ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ.?
സ്വാതന്ത്ര്യന്ന് പറഞ്ഞാൽ ദേ ഇങ്ങനെയിരുന്ന് മനസ്സ് തൊറന്ന് വർത്താനം പറേണം. കാറ്റും വെയിലും കൊണ്ട് നമ്മടെ ചേനക്കരേക്കൂടെ നടക്കണം. എടയ്ക്കൊന്ന് നെലാവ് കണ്ട് പൂതമ്പാറേടെ മോളിക്കിടന്ന് ഒന്ന് കൂവണം. അതല്ലാണ്ടിപ്പോ എന്നാ സ്വാതന്ത്ര്യവാ മനുഷ്യന് വേണ്ടേ?

കുഞ്ചെറിയാ എന്തൊക്കെയോ ഓർത്ത് പറഞ്ഞു.
അപ്പനെ അധികം സംസാരിപ്പിക്കണ്ട. മോളിക്കുട്ടി കരുതലുള്ളവളായി.
എന്നാ പിന്നെ ചടങ്ങ് നടത്താലെ. അതിഥി സമൂഹം സജ്ജരായി. അവർ കുഞ്ചെറിയായെ പെട്ടെന്ന് പൊന്നാടയണിച്ചു. വൃദ്ധൻ സംശയിച്ച് നിന്നു. ചേനക്കരയിൽ വെച്ചല്ലെ പരിപാടി ?
നിഷ്കളങ്കമായ് കുഞ്ചെറിയാ ചോദിച്ചു.

യ്യോ ഇത്രേം പ്രായമായ അപ്പാപ്പനെ ബുദ്ധിമുട്ടിക്കാനോ ? ഇത് ലൈവായി എല്ലാരും കണ്ടോണ്ടിരിക്കുവല്ലേ. മോളിക്കുട്ടി ടീച്ചറ് ഇതിന്റെ വീഡിയോ അപ്പാപ്പനെ കാണിച്ചു തരും.
കാറ്റ്. നടത്തം. ചേനക്കരയിലെ ഗ്രാമവഴികൾ.
കുഞ്ചെറിയായ്ക്ക് പെട്ടെന്ന് വലിവ് അനുഭവപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെയും പാരതന്ത്ര്യത്തിന്റെയും ഇടയിലുള്ള ദൂരത്തിലിരുന്ന് അയാളുടെ സ്വപ്നങ്ങൾ കിതച്ചുതുടങ്ങി.

nishaantony2683@gmail.com

Latest