Connect with us

Editorial

തീരുവ യുദ്ധത്തില്‍ ഇന്ത്യന്‍ സാധ്യതകള്‍

പുതിയ സാഹചര്യത്തില്‍ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ ആവശ്യകത ചൈന ഊന്നിപ്പറയുമ്പോള്‍ അതിനെ ഇന്ത്യ മുഖവിലക്കെടുക്കേണ്ടതുണ്ട്. ഒരുപക്ഷേ, അതിര്‍ത്തി വിഷയത്തിലടക്കം പരമ്പരാഗത ശത്രുത നീങ്ങാനും ഇതുപകരിച്ചേക്കും. ചൈനയെ കണ്ണുമടച്ച് വിശ്വസിക്കണമെന്നോ ചരിത്രം മറക്കണമെന്നോ അല്ല പറയുന്നത്.

Published

|

Last Updated

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ രണ്ടാമൂഴത്തില്‍ പദവി ഏറ്റെടുത്തതു മുതല്‍ തുടങ്ങിയ ഭീഷണികളും അപക്വ പ്രഖ്യാപനങ്ങളും കുടിയേറ്റവിരുദ്ധ നടപടികളും സയണിസ്റ്റ് പക്ഷപാതിത്വവുമെല്ലാം ആഗോള സാമ്പത്തിക, രാഷ്ട്രീയ ക്രമത്തില്‍ വലിയ ആഘാതമാണുണ്ടാക്കുന്നത്. ലോകവ്യാപാരത്തെ താറുമാറാക്കുന്ന താരിഫ് യുദ്ധമാണ് ഇവയില്‍ ഏറ്റവും കെടുതിയുണ്ടാക്കിയത്. അമേരിക്കയെ രക്ഷിക്കാനായി തിരഞ്ഞെടുക്കപ്പെട്ടയാളെന്ന് സ്വയം പ്രഖ്യാപിക്കുന്നു ട്രംപ്. തനിക്ക് മുമ്പുള്ള പ്രസിഡന്റുമാരെല്ലാം വിഡ്ഢികളായിരുന്നുവെന്ന ധാരണയിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. ആരും സഞ്ചരിക്കാത്ത വഴിയിലൂടെ പോയി അമേരിക്കയെ മഹത്തായ രാജ്യമാക്കുകയെന്ന ദൗത്യത്തിലാണ് താനെന്നും അദ്ദേഹം കരുതുന്നു. എന്നാല്‍ ഇപ്പറഞ്ഞതെല്ലാം ട്രംപിന്റെയും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെയും മനോവിലാസങ്ങള്‍ മാത്രമാണ്. അമേരിക്ക അതിവേഗം ഒറ്റപ്പെടുന്നുവെന്നതാണ് യാഥാര്‍ഥ്യം. റെസിപ്രോക്കല്‍ താരിഫ് അഥവാ അടിക്ക് തിരിച്ചടി നയം അടുത്ത മാസം രണ്ടിന് പ്രാബല്യത്തില്‍ വരാനിരിക്കെ തനിക്ക് ചുറ്റും നില്‍ക്കുന്നവരില്‍ നിന്ന് തന്നെ രൂക്ഷവിമര്‍ശം നേരിടുകയാണ് ട്രംപ്.

ഈ സാഹചര്യത്തില്‍, അമേരിക്കന്‍ താരിഫ് ഭീഷണിയെ ഒരുമിച്ച് നേരിടണമെന്ന ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ഏറെ പ്രസക്തമാണ്. അമേരിക്കന്‍ മേധാവിത്വ രാഷ്ട്രീയത്തിനെതിരെ ആഗോള ധാരണയുണ്ടാക്കുന്നതില്‍ ഇന്ത്യയും ചൈനയും നേതൃപരമായ പങ്കുവഹിക്കണമെന്നാണ് ചൈനീസ് മന്ത്രി വാംഗ് യി ആഹ്വാനം ചെയ്തത്. “വ്യാളിയും ആനയും ഒരുമിച്ച് നൃത്തം ചെയ്യുന്നത്’ മാത്രമാണ് ഇരുഭാഗത്തിനും ശരിയായ തീരുമാനമെന്നും ഇന്ത്യ-ചൈന സഹകരണത്തെ പരാമര്‍ശിച്ച് വാംഗ് യി പറയുന്നു. പരസ്പരം തളര്‍ത്തുന്നതിന് പകരം പിന്തുണക്കുന്നതും സഹകരണം ശക്തിപ്പെടുത്തുന്നതുമാണ് തങ്ങളുടെ പ്രാഥമിക പരിഗണന. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ ഒന്നിക്കുന്നതോടെ രാജ്യാന്തര ബന്ധങ്ങള്‍ ജനാധിപത്യവത്കരിക്കപ്പെടും. “ഗ്ലോബല്‍ സൗത്തിന്റെ’ വികസനത്തിനും ശക്തിപ്പെടുത്തലിനും ശോഭനമായ ഭാവി ഉണ്ടാകും. ചൈനയും ഇന്ത്യയും വലിയ അയല്‍ക്കാരാണ്. ഇരുരാജ്യങ്ങളും പരസ്പരം വിജയത്തിന് സംഭാവന ചെയ്യുന്ന പങ്കാളികളായിരിക്കണമെന്ന് ചൈന എപ്പോഴും വിശ്വസിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം പൗരന്മാരുടെ അടിസ്ഥാന താത്പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കുമെന്നും വാംഗ് യി പറഞ്ഞു വെക്കുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും റഷ്യയില്‍ കണ്ടിരുന്നു. പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈന സന്ദര്‍ശിച്ചു. രണ്ടാഴ്ച മുമ്പ് വാംഗ്‌ യിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ സംസാരിച്ചു. ഇവയിലെല്ലാം “വ്യാളി, ആന നൃത്തം’ ചര്‍ച്ചയായെന്ന് വേണം മനസ്സിലാക്കാന്‍.
എത്രമാത്രം പ്രായോഗികമാണ് എന്ന ചോദ്യമുയര്‍ന്നേക്കാം. ഇതില്‍ ചൈനയുടെ വിപണി താത്പര്യങ്ങള്‍ അടങ്ങിയിട്ടുമുണ്ടാകാം. അപ്പോഴും അനിവാര്യമായ സഹകരണത്തിന്റെ വഴിയാണ് ചൈനീസ് മന്ത്രി മുന്നോട്ട് വെച്ചിട്ടുള്ളതെന്ന് കാണാവുന്നതാണ്. ഇക്കാര്യത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും ചൈനീസ് ഉത്പന്നങ്ങള്‍ക്കും യു എസ് വിപണിയില്‍ പ്രവേശിക്കണമെങ്കില്‍ 25 ശതമാനത്തിലധികം നികുതി നല്‍കേണ്ടി വരുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇന്ത്യക്ക് അനുകൂലമായ വ്യാപാര മിച്ചമുള്ള സുപ്രധാന പങ്കാളിയാണ് അമേരിക്ക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം യു എസുമായുള്ള ഇന്ത്യന്‍ വ്യാപാരം 118.2 കോടി ഡോളര്‍ വരും. 2030ഓടെ ഇത് 500 കോടി ഡോളറില്‍ എത്തിക്കുമെന്നാണ് ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി പ്രഖ്യാപിച്ചത്. വ്യാപാര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും യു എസ് സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനങ്ങള്‍ക്ക് പിറകേയും തന്റെ നിലപാടില്‍ ഒരു വ്യത്യാസവും വരുത്താന്‍ ട്രംപ് തയ്യാറായിട്ടില്ല. ഇന്ത്യയില്‍ ലോകത്തെ ഏറ്റവും വലിയ തീരുവ നിലനില്‍ക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് അധിക്ഷേപം ചൊരിഞ്ഞത്. ഇവിടെ ഒരു വസ്തുവും വില്‍ക്കാന്‍ സാധിക്കാത്തത്ര തീരുവയാണെന്നും ഇത് കുറച്ചേ തീരൂവെന്നും അദ്ദേഹം അന്ത്യശാസനം നല്‍കുന്നു. ഇന്ത്യ നികുതി കുറയ്ക്കാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നാണ് ട്രംപ് ഒടുവില്‍ പറഞ്ഞത്. ഈ അവകാശവാദം നിഷേധിക്കാനോ ശരിവെക്കാനോ ഇന്ത്യന്‍ നേതൃത്വം തയ്യാറായിട്ടില്ല. യു എസുമായുള്ള വ്യാപാര ബന്ധം ശക്തമായി തുടരുമെന്ന പ്രസ്താവന മാത്രമാണ് ധനമന്ത്രി നിര്‍മലാ സീതാരാമനില്‍ നിന്നുണ്ടായത്. തീര്‍ച്ചയായും ഇപ്പോള്‍ രാജ്യം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രം ട്രംപിസവുമായി ഇണങ്ങിപ്പോകുന്നതാണ്. ട്രംപുമായുള്ള സൗഹൃദം ആഘോഷിക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. യു എസിലേക്ക് ചാഞ്ഞ വിദേശനയം പൂര്‍ണമായി തള്ളിക്കളയാന്‍ ബി ജെ പി സര്‍ക്കാറിന് സാധിക്കില്ല.

എന്നാല്‍ ലോകസാഹചര്യം മാറുന്നത് കാണാതെ മുന്നോട്ട് പോകുന്നത് മൗഢ്യമായിരിക്കും. യു എസ് തീട്ടൂരങ്ങള്‍ മറികടന്ന് ഇന്ത്യ വാണിജ്യപരവും തന്ത്രപരവുമായ ബന്ധം തുടരുന്ന റഷ്യയുമായി ട്രംപ് വിചിത്രമായ സഖ്യത്തിന് ശ്രമിക്കുകയാണ്. അത് സാധ്യമായാല്‍ ഇന്ത്യയോടും അറബ് രാജ്യങ്ങളോടും ഇറാനോടും ഫലസ്തീനോടും റഷ്യ എന്ത് നിലപാട് കൈക്കൊള്ളുമെന്ന് പറയാനാകില്ല. എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയോട് വലിയ സഹകരണത്തിന് തയ്യാറാകുമെന്ന നിലപാട് എക്കാലത്തും തുടരുന്ന ഇറാനുമായി ട്രംപിന് ശത്രുതാപരമായ സമീപനമാണുള്ളത്. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ട്രംപിന്റെ നീക്കങ്ങള്‍ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് പോകുകയാണ്. ബ്രിക്‌സ്, ഷാംഗ്ഹായി സഹകരണം തുടങ്ങിയ കൂട്ടായ്മകളോട് ട്രംപ് നേരത്തേ യുദ്ധപ്രഖ്യാപനം നടത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഒറ്റക്കെട്ടായ പോരാട്ടത്തിന്റെ ആവശ്യകത ചൈന ഊന്നിപ്പറയുമ്പോള്‍ അതിനെ ഇന്ത്യ മുഖവിലക്കെടുക്കേണ്ടതുണ്ട്. ഒരുപക്ഷേ, അതിര്‍ത്തി വിഷയത്തിലടക്കം പരമ്പരാഗത ശത്രുത നീങ്ങാനും ഇതുപകരിച്ചേക്കും. ചൈനയെ കണ്ണുമടച്ച് വിശ്വസിക്കണമെന്നോ ചരിത്രം മറക്കണമെന്നോ അല്ല പറയുന്നത്. മറിച്ച് ലോക ശാക്തിക ചേരിയില്‍ വരുന്ന മാറ്റം ഉള്‍ക്കൊള്ളണമെന്ന് മാത്രമാണ്. ചൈനയോട് മാത്രമല്ല, താരിഫ് യുദ്ധം മുറുകുമ്പോള്‍ അമേരിക്കയോട് അകലുന്ന ഏത് രാജ്യത്തെയും സാധ്യതകള്‍ ഇന്ത്യ ഉപയോഗിക്കണം.