Connect with us

Business

ഇന്ത്യയിലെ ആദ്യ ഗോള്‍ഡ് എടിഎം യാഥാര്‍ത്ഥ്യമാകുന്നു

ഹൈദരാബാദിലാണ് ആദ്യ ഗോള്‍ഡ് എടിഎം എത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| എടിഎമ്മിലൂടെ പണമിടപാടുകള്‍ നടത്തുന്നത് സര്‍വ്വ സാധാരണമാണ്. പണം കയ്യില്‍ സൂക്ഷിക്കുന്നതിന് പകരം എവിടെ നിന്നും ഇഷ്ടാനുസരണം പണമിടപാടുകള്‍ നടത്താം എന്നതാണ് എടിഎമ്മുകള്‍കൊണ്ടുള്ള ഗുണം. എന്നാല്‍ ഇനി പണമിടപാടുകള്‍ക്ക് മാത്രമല്ല സ്വര്‍ണം വാങ്ങാനും വില്‍ക്കാനും എടിഎമ്മുകള്‍ ഉപയോഗിക്കാം. അതിനായി ഇന്ത്യയിലെ ആദ്യ ഗോള്‍ഡ് എടിഎം യാഥാര്‍ഥ്യമാകുകയാണ്. ഹൈദരാബാദിലാണ് ആദ്യ ഗോള്‍ഡ് എടിഎം എത്തുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഗോള്‍ഡ്സിക്ക ലിമിറ്റഡ് ആണ് ഇന്ത്യയിലെ ആദ്യ ഗോള്‍ഡ് എടിഎമ്മുമായി എത്തിയിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ മാത്രമല്ല വില്‍ക്കാനും കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് എടിഎം ആയിരിക്കും ഇത്. ഈ എടിഎമ്മുകള്‍ വഴി സ്വര്‍ണം വാങ്ങാന്‍ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാവുന്നതാണ്. മറ്റ് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതുപോലെ ഗോള്‍ഡ് എടിഎമ്മിലൂടെ എളുപ്പത്തില്‍ സ്വര്‍ണം വാങ്ങുന്നതിനായി പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് സ്മാര്‍ട്ട് കാര്‍ഡുകളും ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കുന്നു.

ഇന്ത്യയിലുടനീളം ഒരു വര്‍ഷത്തിനുള്ളില്‍ 3,000 ഗോള്‍ഡ് എടിഎമ്മുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ട്രൂനിക്‌സ് ഡാറ്റാവെയര്‍ എല്‍എല്‍പിയുമായി ചേര്‍ന്നാണ് ഇന്ത്യയിലെ ആദ്യ ഗോള്‍ഡ് എടിഎം പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി സഹകരിക്കുന്നത്. ധനകാര്യ മേഖലയിലെ വിവിധ ആവശ്യങ്ങള്‍ക്കും ബേങ്കിങ് സേവനങ്ങള്‍ക്കും കമ്പനി സോഫ്റ്റ് വെയര്‍ സൊല്യൂഷനുകള്‍ നല്‍കുന്നു. ആഗോളതലത്തില്‍ നിരവധി ബേങ്കുകള്‍ക്ക് സുരക്ഷിതമായ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്.

അഞ്ച് കിലോഗ്രാം സ്വര്‍ണം വീതമാണ് ഓരോ മെഷീനിലും നിക്ഷേപിക്കുക. ഇവയില്‍ നിന്നും ഉയര്‍ന്ന ഗുണനിലവാരമുള്ള, ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണമാണ് ലഭിക്കുക. 0.5 ഗ്രാം മുതല്‍ 100 ഗ്രാം വരെ സ്വര്‍ണം വിതരണം ചെയ്യാന്‍ ഈ യന്ത്രത്തിന് സാധിക്കുന്നതാണ്. ഓരോ ദിവസത്തെയും മാര്‍ക്കറ്റ് വില അനുസരിച്ചാകും സ്വര്‍ണം ലഭ്യമാകുക. ഓരോ ഗ്രാം സ്വര്‍ണവും മെഷീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. സ്വര്‍ണത്തിന്റെ ഗുണനിലവാരം, തൂക്കം, സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകള്‍ ഒഴിവാക്കാനാണ് പ്രോട്ടോടൈപ്പ് മെഷീനുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

 

 

Latest