Editors Pick
ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയില്‍പാത; നിർമാണം പുരോഗമിക്കുന്നു
മുംബൈക്കും അഹമ്മദാബാദിനുമിടയില്‍ ഈ റൂട്ടിൽ 12 സ്റ്റേഷനുകൾ ഉണ്ടായിരിക്കും.
ഇപ്പോള് പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന മുംബൈയില്‍ നിന്ന് അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ റൂട്ടാണ് ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽപാത. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിനെയും ഈ പാത പരസ്പരം ബന്ധിപ്പിക്കുന്നു.
ബുള്ളറ്റ് ട്രെയിൻ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും. 508 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം. ഇത്രദൂരം സഞ്ചരിക്കുന്നതിന് നിലവിലെ യാത്രാസമയമായ 6-7 മണിക്കൂറിൽ നിന്ന് വെറും 2 മണിക്കൂർ മാത്രമായി ചുരുങ്ങുമെന്നാണ് പറയപ്പെടുന്നത്.
മുംബൈക്കും അഹമ്മദാബാദിനുമിടയില്‍ ഈ റൂട്ടിൽ 12 സ്റ്റേഷനുകൾ ഉണ്ടായിരിക്കും. ഈ രണ്ടു നഗരങ്ങള്‍ക്കിടയിലുള്ള ചരക്ക് ഗതാഗതം, ടൂറിസം എന്നീ ഇനങ്ങളിലൂടെ ഈ റെയില്‍ പദ്ധതി മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ അതിവേഗ റെയിൽ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിലൂടെ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
2017 ൽ ആരംഭിച്ചു, 2028-29 ൽ പൂർത്തിയാക്കാനുള്ള ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഈ പദ്ധതിക്ക് 1.1 ലക്ഷം കോടി രൂപയാണ് നിര്‍മ്മാണച്ചിലവ് പ്രതീക്ഷിക്കുന്നത്. 0.1% പലിശ നിരക്കിൽ ജപ്പാന്‍ ഇതിലേക്കായി സാമ്പത്തിക വായ്പ നല്‍കുന്നു. 50 വർഷത്തെ കാലാവധിയിലാണ് ഈ വായ്പ. എന്നാല്‍ ഈ പദ്ധതിക്ക് ധാരാളം വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കാനുള്ള പ്രയാസമാണ് അതിലൊന്ന്. പരിസ്ഥിതി ആഘാതപഠനം നടത്താതും പദ്ധതിയെ പ്രതിസന്ധിയിലാക്കി. നിര്‍മ്മാണച്ചെലവ് ബജറ്റിനേക്കാള്‍ കൂടിയതും വിനയായി. ഇത്രയധികം പ്രതിസന്ധികളുണ്ടെങ്കിലും 2030 നു മുമ്പ് പാതയുടെ ജോലികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.