Connect with us

First Gear

ഇന്ത്യയിലെ ആദ്യ ലംബോർഗിനി റെവൽറ്റോ ഉപഭോക്താവിന് കൈമാറി; 2026 വരെ സ്‌റ്റോക്കില്ല

ഇറ്റാലിയൻ കമ്പനിയായ ലംബോർഗിനിയുടെ റെവൽറ്റോയ്ക്ക് 8.89 കോടി രൂപയാണ്‌ എക്‌സ്-ഷോറൂം വില

Published

|

Last Updated

ചെന്നൈ | ഇന്ത്യയിലെ ആദ്യ ലംബോർഗിനി റെവൽറ്റോ ഉപഭോക്താവിന് കൈമാറി കമ്പനി. ചെന്നൈയിലാണ്‌ കാർ കൈമാറിയത്‌. 2023 അവസാനത്തോടെ എത്തുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന മോഡൽ അൽപ്പം താമസിച്ചാണ്‌ ഉപഭോക്താവിന്‌ ലഭിച്ചത്‌. ഇറ്റാലിയൻ കമ്പനിയായ ലംബോർഗിനിയുടെ റെവൽറ്റോയ്ക്ക് 8.89 കോടി രൂപയാണ്‌ എക്‌സ്-ഷോറൂം വില. മിഡ് എഞ്ചിൻ പ്ലഗ്-ഇൻ ഹൈബ്രിഡ് സൂപ്പർകാർ ഇതിനകം നിരവധി പേർ ബുക്ക്‌ ചെയ്‌ത്‌ കഴിഞ്ഞു. ഇതോടെ 2026 വരെ സ്‌റ്റോക്കില്ലെന്ന്‌ കമ്പനി അറിയിച്ചു.

ലംബോർഗിനിയുടെ അവൻ്റഡോറിന്‌ പകരമായി കൂടുതൽ കരുത്തോടെ പുറത്തിറക്കിയ മോഡലാണ്‌ റെവൽറ്റോ. മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 6.5-ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V12 എഞ്ചിനാണ് ഇതിന്‌ നൽകുന്നത്. 3.8 kWh ബാറ്ററി പാക്കും ഇതിൻ്റെ സവിശേഷതയാണ്. ഇത് 10 കിലോമീറ്ററിനടുത്ത് ഇലക്ട്രിക് റേഞ്ച് നൽകുന്നു.

V12 എഞ്ചിന് മാത്രം 825 എച്ച്പിയും 725 എൻഎം ടോർക്കും പുറപ്പെടുവിക്കാൻ കഴിയും. എഞ്ചിൻ്റെയും മോട്ടോറുകളുടെയും സംയുക്ത ഉൽപ്പാദനം 1015 എച്ച്പിയും 807 എൻഎമ്മും ആണ്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 2.5 സെക്കൻഡ് മതി. 8.4 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച 9.1 ഇഞ്ച് പാസഞ്ചർ ഡിസ്‌പ്ലേ എന്നിവ ഇൻ്റീരിയറിനെ പ്രൗഡമാക്കുന്നു. ആ സ്‌പോർട്ടി ഇഫക്റ്റിനായി സെൻട്രൽ കൺസോളിൽ ഒരു ഫൈറ്റർ-ജെറ്റ് സ്റ്റാർട്ടർ ബട്ടണും നൽകിയിട്ടുണ്ട്‌.

ഇന്ത്യൻ വിപണിയിൽ ഫെരാരി SF90 Stradale-നോടാണ് ലംബോർഗിനി റെവൽറ്റോ മത്സരിക്കുന്നത്.