First Gear
ഇന്ത്യയിലെ ആദ്യ മഗ്‌നീഷ്യം സൈക്കിള്‍; സ്ട്രൈഡര്‍ ഗാലാക്റ്റിക് 27.5ടി അവതരിപ്പിച്ചു
27,896 രൂപയാണ് സ്ട്രൈഡര്‍ സൈക്കിള്‍സിന്റെ ഗാലാക്റ്റിക് മോഡലിന് മുടക്കേണ്ടത്.
ന്യൂഡല്‍ഹി|ടാറ്റ ഇന്റര്‍നാഷണലിന്റെ ഉപസ്ഥാപനമായ സ്ട്രൈഡര്‍ സൈക്കിള്‍സ് കോണ്ടിനോ ശ്രേണിയിലുള്ള പുതിയ സൈക്കിളുകള്‍ പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. മൗണ്ടന്‍ ബൈക്കുകള്‍, ഫാറ്റ് ബൈക്കുകള്‍, ബിഎംഎക്‌സ് ബൈക്കുകള്‍, ഹൈ പെര്‍ഫമോന്‍സ് സിറ്റി ബൈക്കുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മള്‍ട്ടി-സ്പീഡ് ഓപ്ഷനുകളുള്ള എട്ട് പുതിയ മോഡലുകളാണ് സ്ട്രൈഡറിന്റെ പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ മഗ്‌നീഷ്യം സൈക്കിളായ കോണ്ടിനോ ഗാലാക്റ്റിക് 27.5ടി ആണ് പുതിയ ശ്രേണിയിലെ പ്രധാന ആകര്‍ഷണം.
മഗ്‌നീഷ്യം ഫ്രെയിമുകള്‍ പരമ്പരാഗത അലുമിനിയം ഫ്രെയിമുകളേക്കാള്‍ ഭാരം കുറഞ്ഞതും ശക്തവുമാണ്. ഇത് ഓഫ് റോഡ് റൈഡിംഗിന് അനുയോജ്യമാണെന്നാണ് വിവരം. 27,896 രൂപയാണ് സ്ട്രൈഡര്‍ സൈക്കിള്‍സിന്റെ ഗാലാക്റ്റിക് മോഡലിന് മുടക്കേണ്ടത്. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍, സുഗമമായ ഷിഫ്റ്റിംഗിനുള്ള ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡെറില്ലറുകള്‍, ലോക്ക്-ഇന്‍/ലോക്ക്-ഔട്ട് സാങ്കേതികവിദ്യയുള്ള ഫ്രണ്ട് സസ്പെന്‍ഷന്‍ ഫോര്‍ക്ക്, വ്യത്യസ്ത ഭൂപ്രദേശങ്ങളിലെ വൈവിധ്യത്തിനായി 21 സ്പീഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന നിരവധി പ്രത്യേകതകളും കോണ്ടിനോ ഗാലാക്റ്റിക് 27.5ടി സൈക്കിളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
കോണ്ടിനോ ഗാലാക്റ്റിക് 27.5ടി ഇപ്പോള്‍ രാജ്യത്തുടനീളമുള്ള സ്ട്രൈഡര്‍ സൈക്കിള്‍സ് റീട്ടെയിലര്‍മാരില്‍ ലഭ്യമാണ്. കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും ആമസോണിലൂടെയും ഈ സൈക്കിള്‍ വാങ്ങാവുന്നതാണ്. കോണ്ടിനോ സൈക്കിള്‍ ശ്രേണി വിവിധ നിറങ്ങളിലും വലുപ്പങ്ങളിലും ലഭ്യമാണ്. പ്രാരംഭ മോഡലായ നോര്‍ടെക് പതിപ്പിന് 19,526 രൂപയാണ് വില. 29,995 രൂപയ്ക്ക് സ്‌ട്രൈഡര്‍ അടുത്തിടെ സീറ്റ മാക്സ് എന്ന പുതിയ ഇ-സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഓഫര്‍ വിലയാണെന്നും 36,995 രൂപയാണ് യഥാര്‍ഥ വിലയെന്നും കമ്പനി പറയുന്നു.