National
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം 'ഗഗന്‍യാന്‍' 2023ല്‍
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) നാളിതുവരെ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയാണിത്.
ന്യൂഡല്‍ഹി| ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം ‘ഗഗന്‍യാന്‍’ 2023ല്‍ നടക്കുമെന്ന് ശാസ്ത്രസാങ്കേതിക വകുപ്പു മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ വിക്ഷേപണത്തോടെ യുഎസ്എ, റഷ്യ, ചൈന എന്നിവയ്ക്ക്‌ശേഷം മനുഷ്യ ബഹിരാകാശ ദൗത്യം ആരംഭിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ‘ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ നടത്തത്തിനായുള്ള ടെസ്റ്റ് വെഹിക്കിള്‍ ഫ്ളൈറ്റും ഗഗന്‍യാനിന്റെ (ജി1) ആദ്യ അണ്‍ക്രൂഡ് ദൗത്യവും 2022-ന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
ഇതിനെത്തുടര്‍ന്ന് 2022-ന്റെ രണ്ടാം പകുതിയില്‍ ക്രൂവില്ലാത്ത രണ്ടാമത്തെ ദൗത്യം നടക്കും. 2022 അവസാനത്തോടെ ഐഎസ്ആര്‍ഒ വികസിപ്പിച്ച ബഹിരാകാശ യാത്രാ മനുഷ്യ റോബോട്ടായ ‘വ്യോമിത്ര’ വഹിക്കുകയും ഒടുവില്‍ 2023-ല്‍ ഗഗന്‍യാന്‍ മിഷന്‍ ആദ്യമായി ക്രൂവിനെ വഹിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ലോഞ്ച് വെഹിക്കിളില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് മനുഷ്യരെ അയച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കഴിവ് പ്രകടിപ്പിക്കുകയാണ് ഗഗന്‍യാന്‍ പരിപാടിയുടെ ലക്ഷ്യമെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. 500-ലധികം വ്യവസായങ്ങള്‍ ഗഗന്‍യാനിന്റെ ഗവേഷണ മൊഡ്യൂളുകള്‍ ഉള്‍പ്പെടെ നിരവധി ഗവേഷണ മൊഡ്യൂളുകളില്‍ സഹകരിക്കുന്നതായി സിംഗ് പറഞ്ഞു. ഇന്ത്യയെ മത്സരാധിഷ്ഠിത ബഹിരാകാശ വിപണിയാക്കി മാറ്റുന്നതിന് 70 വര്‍ഷത്തിനിടെ ആദ്യമായി സ്വകാര്യ പങ്കാളിത്തത്തിന് ഈ മേഖല തുറന്നുകൊടുത്തതിനാലാണ് ഇത് സാധ്യമാക്കിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) നാളിതുവരെ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയാണിത്. യുവാക്കള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രചോദനം നല്‍കുന്നതിനൊപ്പം രാജ്യത്തിനുള്ളിലെ ശാസ്ത്ര സാങ്കേതിക വികസനത്തിന് ഇത് വലിയ ഉത്തേജനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.