National
ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വർഷാവസാനത്തോടെ ഓടിത്തുടങ്ങിയേക്കും
2019-ൽ അവതരിപ്പിച്ച ചെയർ-കാർ ട്രെയിനിനും ഗുജറാത്തിലെ ആദ്യ വന്ദേ മെട്രോയ്ക്കും ശേഷം വന്ദേ ഭാരത് സീരീസിൻ്റെ മൂന്നാമത്തെ പതിപ്പാണിത്.
ന്യൂഡൽഹി | രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഈ വർഷ അവസാനത്തോടെ ഓടിത്തുടങ്ങിയേക്കും എന്ന് റിപ്പോർട്ടുകൾ. 2019-ൽ അവതരിപ്പിച്ച ചെയർ-കാർ ട്രെയിനിനും ഗുജറാത്തിലെ ആദ്യ വന്ദേ മെട്രോയ്ക്കും ശേഷം വന്ദേ ഭാരത് സീരീസിൻ്റെ മൂന്നാമത്തെ പതിപ്പാണിത്.
ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിൻ്റെ (ബിഇഎംഎൽ) പ്ലാൻ്റിൽ നിന്ന് സെപ്റ്റംബർ 20-നകം ആദ്യ ട്രെയിൻ അയയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ജനറൽ മാനേജർ യു സുബ്ബ റാവു ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
ചെന്നൈയിൽ എത്തി അവിടുത്തെ പരിശോധനകൾ കഴിഞ്ഞ ശേഷം ലക്നൗവിലെ റെയിൽവേ ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ്റെ (RDSO) മേൽനോട്ടത്തിൽ ഒന്നോ രണ്ടോ മാസം നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പരിശോധനകൾക്ക് വിധേയമാകും. അതിവേഗ പരിശോധനയ്ക്കായി നോർത്ത് വെസ്റ്റേൺ റെയിൽവേ സോണിൽ ട്രയൽ റൺ നടത്താനാണ് സാധ്യതയെന്നും റിപ്പോർട്ട് ഉണ്ട്.
യൂറോപ്പിലെ നൈറ്റ്‌ജെറ്റ് സ്ലീപ്പർ ട്രെയിനുകൾക്ക് സമാനമായി ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന രാത്രി യാത്രകളിൽ യാത്രക്കാർക്ക് ലോകോത്തര യാത്രാനുഭവം നൽകാനാണ് വന്ദേ ഭാരത് സ്ലീപ്പറിലൂടെ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്. ട്രെയിനിലെ ലൈറ്റുകൾ അണച്ചാലും വാഷ് റൂമിൽ പോകാൻ ഉൾപ്പെടെ പ്രത്യേക ലൈറ്റുകളും ട്രെയിൻ അറ്റൻഡർമാർക്ക് പ്രത്യേക ബർത്തുകളും അടങ്ങുന്നതാണ് വന്ദേ ഭാരത് സ്ലീപ്പർ എന്നാണ് റിപ്പോർട്ടുകൾ.