Connect with us

National

യുക്രൈനിലെ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ മടങ്ങണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള എല്ലാവരും യുക്രൈന്‍ വിടണം എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  യുദ്ധം തുടരുന്ന യുക്രൈനില്‍ നിന്ന് എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങണമെന്ന് ഇന്ത്യ. ഒരു കാരണത്താലും യുക്രൈനില്‍ തുടരാന്‍ ശ്രമിക്കരുതെന്നും പൗരന്‍മാര്‍ക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള എല്ലാവരും യുക്രൈന്‍ വിടണം എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.

യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസി പുറത്തിറക്കിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോള്‍ഡോവ, പോളണ്ട്, റൊമാനിയ അതിര്‍ത്തികള്‍ വഴി പുറത്ത് കടക്കാനാണ് നിര്‍ദേശം. പാസ്‌പോര്‍ട്ട്, റസിഡന്റ് പെര്‍മിറ്റ്, സ്റ്റുഡന്റ് കാര്‍ഡ് എന്നിവ കൈയില്‍ കരുതണം. ആവശ്യമായ ഇടങ്ങളില്‍ ട്രാന്‍സിറ്റ് വിസ എടുക്കണമെന്നും നിര്‍ദേശമുണ്ട്.

ഇന്ത്യന്‍ പൗരന്‍മാരോട് അടിയന്തരമായി യുക്രൈന്‍ വിടണമെന്ന നിര്‍ദേശം രണ്ട് ദിവസം മുമ്പ് എംബസിയും നല്‍കിയിരുന്നു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദേശം ഇന്ത്യന്‍ എംബസി നല്‍കിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടിയന്തരമായി രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

യുക്രൈനിലേക്ക് പോകുന്നതിന് എംബസിയുടെ വിലക്കുണ്ടെങ്കിലും അത് മറികടന്ന് മലയാളികളുള്‍പ്പെടെ ഒട്ടേറെ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പഠനം പൂര്‍ത്തീകരിക്കാനായി തിരിച്ചു പോയത്.