Connect with us

National

സിന്ധു നദീ ജല കരാറില്‍ ഭേദഗതി ആവശ്യപ്പെട്ട് പാക്കിസ്ഥാന് ഇന്ത്യയുടെ നോട്ടീസ്

സിന്ധു നദീ ജല ഉടമ്പടിയില്‍ വരുത്തിയ ലംഘനങ്ങള്‍ പരിഹരിക്കാന്‍ പാക്കിസ്ഥാന് 90 ദിവസത്തിനുള്ളില്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് നോട്ടീസിൽ സമയം അനുവദിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡൽഹി | സിന്ധു നദീ ജല കരാറില്‍ ഭേദഗതി ആവശ്യപ്പെട്ട് ഇന്ത്യ പാക്കിസ്ഥാന് നോട്ടീസ് അയച്ചു. കരാര്‍ നടപ്പാക്കുന്നതില്‍ പാക്കിസ്ഥാന്‍ കാണിക്കുന്ന അലംഭാവം ചോദ്യം ചെയ്താണ് നോട്ടീസ്. സിന്ധു നദീ ജല ഉടമ്പടിയില്‍ വരുത്തിയ ലംഘനങ്ങള്‍ പരിഹരിക്കാന്‍ പാക്കിസ്ഥാന് 90 ദിവസത്തിനുള്ളില്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് നോട്ടീസിൽ സമയം അനുവദിച്ചിട്ടുണ്ട്. ജനുവരി 25ന് സിന്ധു നദീജല കമ്മീഷണർമാർ വഴിയാണ് നോട്ടീസ് നൽകിയത്. സിന്ധു നദീജല ഉടമ്പടിയിൽ ഇന്ത്യ ഭേദഗതി ആവശ്യപ്പെടുന്നത് ഇതാദ്യമാണ്.

1960 സെപ്റ്റംബർ 19 ന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയിൽ ഒപ്പുവെച്ച ജലം പങ്കിടുന്നതിനുള്ള കരാറാണ് സിന്ധു നദീജല ഉടമ്പടി. ബിയാസ്, രവി, സത്‌ലജ്, സിന്ധു, ചെനാബ്, ഝലം എന്നീ ആറ് നദികളിലെ ജലം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള അവകാശമാണ് കരാറിന്റെ ഉള്ളടക്കം. ലോകബാങ്കാണ് കരാറിന് മധ്യസ്ഥത വഹിച്ചത്.

ഈ നദികളുടെ മൊത്തം 168 ദശലക്ഷം ഏക്കർ അടിയിൽ, ഇന്ത്യയുടെ വിഹിതം 33 ദശലക്ഷം ഏക്കർ അടിയാണ്. പടിഞ്ഞാറ് സിന്ധു, ചെനാബ്, ഝലം എന്നീ നദികളിലെ ജലം പാകിസ്ഥാന് വിട്ടുകൊടുത്തു. എന്നിരുന്നാലും, ഈ നദികളിലെ വെള്ളം കൃഷിക്കും ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്. ഇതോടൊപ്പം ചില മാനദണ്ഡങ്ങൾക്കനുസൃതമായി ഇന്ത്യയ്ക്ക് ജലവൈദ്യുത പദ്ധതികൾ നിർമ്മിക്കാനും കഴിയും. കരാർ പ്രകാരം സിന്ധുനദിയിലെ 20 ശതമാനം വെള്ളം മാത്രമേ ഇന്ത്യയ്ക്ക് ഉപയോഗിക്കാനാവൂ.

 

 

Latest