National
ജിപിഎസിനെ വെല്ലാൻ ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനം; 'നാവിക്' ഉടൻ മൊബൈൽ ഫോണുകളിലും ലഭിക്കും
മറ്റു നാവിഗേഷൻ സംവിധാനങ്ങളെ അപേക്ഷിച്ച് കൂടുതൽ കൃത്യമായ പൊസിഷനിംഗ് ആണ് നാവിക് പ്രധാനം ചെയ്യുന്നത്.
ന്യൂഡൽഹി | ഇന്ത്യയുടെ സ്വന്തം പ്രാദേശിക നാവിഗേഷൻ സംവിധാനമായ നാവിക് (NaVIC) ഇനി സാധാരണക്കാർക്കും ലഭ്യമാക്കുമെന്ന് ഇൻസ്പേസ് ചെയർമാൻ പവൻ ഗോയങ്ക അറിയിച്ചു. ഇതുവരെ സൈനിക ഉപയോഗത്തിനായി മാത്രം പരിമിതപ്പെടുത്തിയ ഈ സംവിധാനം ഇനി സാധാരണ ജനങ്ങൾക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് ആക്സസ് ചെയ്യാൻ സാധിക്കും. 2025ഓടെ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്.
മറ്റു നാവിഗേഷൻ സംവിധാനങ്ങളെ അപേക്ഷിച്ച് കൂടുതൽ കൃത്യമായ പൊസിഷനിംഗ് ആണ് നാവിക് പ്രധാനം ചെയ്യുന്നത്. നാവിക് ഇന്ത്യയിലുടനീളം 10 മീറ്ററിൽ താഴെയും ഇന്ത്യയുടെ 1500 കിലോമീറ്റർ ചുറ്റളവിൽ 20 മീറ്ററിൽ താഴെയും പൊസിഷനിംഗ് കൃത്യത നൽകുന്നുവെന്നും പവൻ ഗോയങ്ക അറിയിച്ചു.
ബഹിരാകാശ മേഖലയുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന്, 2025-ഓടെ ഐ എസ് ആർ ഒ വർഷം 12 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. ഇതിൽ ആറ് ജിഎസ്‌എൽവി വിക്ഷേപണങ്ങളും ഉൾപ്പെടുന്നു. നാവിക് സിഗ്നലുകൾ പൊതുജനങ്ങളുടെ മൊബൈൽ ഫോണുകളിൽ ലഭ്യമാക്കുന്നതിന് പുതിയ L1 ബാൻഡ് ഉപയോഗിച്ച് ഏഴ് നാവിഗേഷൻ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇതിൽ ഒന്ന് ഇതിനകം വിക്ഷേപിച്ചു. മറ്റുള്ളവ വൈകാതെ വിക്ഷേപിക്കുമെന്നും ഗോയങ്ക ഒരു മാധ്യമ സംവാദത്തിൽ അറിയിച്ചു.