Connect with us

Editorial

ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരെ ഇന്ത്യയും

1967ലെ യുദ്ധത്തില്‍ കൈയേറിയ മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും ഇസ്‌റാഈല്‍ പിന്‍വാങ്ങണമെന്നും പശ്ചിമേഷ്യയില്‍ നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ സെനഗല്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തത്.

Published

|

Last Updated

ഫലസ്തീനിലെ ഇസ്റാഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന യു എന്‍ പ്രമേയത്തെ അനുകൂലിച്ച ഇന്ത്യയുടെ നിലപാട് ആശാവഹമാണ്. 1967ലെ യുദ്ധത്തില്‍ കൈയേറിയ കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും ഇസ്റാഈല്‍ പിന്‍വാങ്ങണമെന്നും പശ്ചിമേഷ്യയില്‍ നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ സെനഗല്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തത്. 193 അംഗ സഭയില്‍ 157 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു.

ഫലസ്തീന്‍ പ്രശ്നത്തില്‍ സ്വതന്ത്ര ഇന്ത്യ 2014 വരെ തുടര്‍ന്നുവന്ന, ഫലസ്തീനിനെ പിന്തുണക്കുന്ന നിലപാടല്ല നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചു വന്നത്. ഫലസ്തീനെ കൈവിട്ട് പൂര്‍ണ ഇസ്റാഈല്‍ വിധേയത്വം പ്രകടമാക്കുന്നതായിരുന്നു പശ്ചിമേഷ്യന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയില്‍ വന്ന ചര്‍ച്ചകളിലും പ്രമേയങ്ങളിലുമെല്ലാം ഇന്ത്യന്‍ സമീപനം. 2014ല്‍ വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഇസ്റാഈല്‍ നടത്തിയ നരനായാട്ടിന് അവരെ കുറ്റവിചാരണ നടത്തണമെന്നാവശ്യപ്പെട്ട് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ വന്ന പ്രമേയത്തെ അനുകൂലിച്ച് യൂറോപ്യന്‍ യൂനിയനിലേതുള്‍പ്പെടെയുള്ള 41 രാജ്യങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന് ഇസ്റാഈലിന്റെ പൈശാചികതക്ക് വ്യംഗ്യമായ പിന്തുണ നല്‍കുകയാണുണ്ടായത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗസ്സയില്‍ കടുത്ത ആക്രമണം നടത്തി നിരപരാധികളായ ഫലസ്തീനികളെ കൊന്നൊടുക്കിയപ്പോഴും ഇസ്റാഈലിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു നരേന്ദ്ര മോദി. ഇന്ത്യയുടെ ചിന്തകളും പ്രാര്‍ഥനകളും ഇസ്റാഈലിലെ ‘നിഷ്‌കളങ്കരായ’ ജനങ്ങള്‍ക്കൊപ്പമാണെന്നായിരുന്നു അന്ന് മോദിയുടെ പ്രഖ്യാപനം. ഗസ്സയില്‍ നിലനില്‍പ്പിനായി ഹമാസ് നടത്തുന്ന പ്രതിരോധത്തെ, ഭീകരാക്രമണമായി മുദ്രകുത്തി ഫലസ്തീനികളുടെ വംശീയ ഉന്മൂലനം ലക്ഷ്യമാക്കിയുള്ള ഇസ്റാഈല്‍ ആക്രമണത്തെ ന്യായീകരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര പൊതുസഭാ പ്രമേയത്തിനുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയും ചെയ്തു. മാത്രമല്ല, ഗസ്സയിലെ ആശുപത്രികളടക്കം ഇസ്റാഈല്‍ ബോംബിട്ടു നശിപ്പിക്കവെ, ഹെര്‍മിസ് 900 ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നല്‍കി യുദ്ധത്തില്‍ ഇന്ത്യ ഇസ്റാഈലിനെ സഹായിക്കുകയും ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ഗൗതം അദാനിക്ക് പങ്കാളിത്തമുള്ള ഹൈദരാബാദിലെ ആയുധ നിര്‍മാണ കമ്പനിയില്‍ നിര്‍മിച്ച ഡ്രോണുകളാണ് ഇന്ത്യ ഇസ്റാഈലിന് നല്‍കിയത്.

ഫലസ്തീന്‍ പ്രശ്നത്തിന്റെ തുടക്കത്തില്‍ ഗാന്ധിജിയും നെഹ്റുവുമെല്ലാം സ്വീകരിച്ചതും ദശകങ്ങളോളം രാജ്യം തുടര്‍ന്നു വന്നതുമായ നയങ്ങള്‍ക്ക് കടകവിരുദ്ധവും യാതൊരു നീതീകരണവും അര്‍ഹിക്കാത്തതുമാണ് മോദി സര്‍ക്കാറിന്റെ ഈ നിലപാടുകളത്രയും. ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കുമെന്ന പോലെ പൂര്‍ണമായും അറബികള്‍ക്ക് അവകാശപ്പെട്ടതാണ് ഫലസ്തീന്‍ എന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു ഗാന്ധിജി. വന്‍ശക്തികളുടെ സഹായത്തോടെ ഫലസ്തീന്‍ വിഭജിച്ച് അവിടെ ജൂത സമൂഹത്തെ കുടിയിരുത്തിയ നടപടിയോട് ഗാന്ധിജി യോജിച്ചിരുന്നില്ല. ജൂതര്‍ക്കെതിരെ പാശ്ചാത്യ ലോകത്തെ ക്രിസ്തീയ സമൂഹം നടത്തിയ കൊടും ക്രൂരതകളെ അപലപിക്കുമ്പോള്‍ തന്നെ അറബ് സമൂഹത്തിന്റെ ഭൂമി പിടിച്ചടക്കിയല്ല അതിന് പ്രായാശ്ചിത്തം ചെയ്യേണ്ടതെന്നായിരുന്നു ഗാന്ധിജിയുടെ പക്ഷം.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും അംഗീകരിച്ചിരുന്നില്ല ഫലസ്തീന്‍ വിഭജനത്തെയും ഐക്യരാഷ്ട്ര സഭയില്‍ ഇസ്റാഈലിന് അംഗത്വം നല്‍കിയ നടപടിയെയും. ഫലസ്തീന്‍ വിഭജനത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്താനുള്ള ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ അഭ്യര്‍ഥന നെഹ്റു നിരസിക്കുകയാണുണ്ടായത്. 1991 വരെ ഇസ്റാഈലുമായി ഇന്ത്യ യാതൊരു നയതന്ത്രബന്ധവും സ്ഥാപിച്ചിരുന്നില്ല. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണച്ച ആദ്യ മുസ്ലിമേതര രാജ്യം ഇന്ത്യയായിരുന്നുവെന്നതും യാസര്‍ അറഫാത്തിനു കീഴില്‍ ഉയര്‍ന്നു വന്ന ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനുമായി ഇന്ത്യ മികച്ച ബന്ധം പുലര്‍ത്തിയിരുന്നുവെന്നതും ഫലസ്തീന്‍ പ്രശ്നത്തിലുള്ള രാജ്യത്തിന്റെ നീതിപൂര്‍വകമായ നിലപാടിലേക്ക് വിരല്‍ ചൂണ്ടുന്നു.

പ്രശ്നം പരിഹരിച്ച് പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഈ ഗണത്തില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു 1993 സെപ്തംബര്‍ 13ന് അംഗീകരിച്ച ഓസ്ലോ കരാര്‍. 1967ലെ യുദ്ധത്തില്‍ കൈയേറിയ പ്രദേശങ്ങളില്‍ നിന്ന് ഇസ്റാഈല്‍ പിന്മാറണം, ഫലസ്തീനിനും ഇസ്റാഈലിനും ഭൂമിശാസ്ത്രപരമായ അതിരുകള്‍ നിര്‍ണയിക്കണം, ഗസ്സയും വെസ്റ്റ് ബാങ്കും ചേര്‍ത്ത് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കണം എന്നൊക്കെയായിരുന്നു അന്നത്തെ യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ നേതൃത്വത്തില്‍ പി എല്‍ ഒ നേതാവ് യാസര്‍ അറഫാത്തും ഇസ്റാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും ഒപ്പ് വെച്ച കരാറിലെ മുഖ്യ വ്യവസ്ഥകള്‍. ഏറെക്കുറെ ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് കഴിഞ്ഞ ദിവസം യു എന്‍ പൊതുസഭ അംഗീകരിച്ച പ്രമേയം. 1967ന് മുമ്പുള്ള അതിര്‍ത്തികളെ ആധാരമാക്കി അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഫലസ്തീനും ഇസ്റാഈലും സമാധാനത്തിലും ഒത്തൊരുമയോടെയും കഴിയണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. ഗസ്സ ഫലസ്തീനിന്റെ അവിഭാജ്യ ഘടകമാണെന്നും ഗസ്സയുടെ ഭാഗങ്ങള്‍ കൈയടക്കുകയും പ്രദേശത്തുകാരായ ഫലസ്തീന്‍ ജനതയെ പുറത്താക്കുകയും ചെയ്യുന്ന ഇസ്റാഈലിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും പ്രമേയ ചര്‍ച്ചാ വേളയില്‍ പൊതുസഭ വ്യക്തമാക്കുകയും ചെയ്തു. ഈ നിലപാടിനെ പിന്തുണച്ച മോദി സര്‍ക്കാറിന്റെ നടപടി അഭിനന്ദനാര്‍ഹമാണ്. ഭാവിയിലും ഫലസ്തീന്‍-ഇസ്റാഈല്‍ പ്രശ്നത്തില്‍ ന്യായയുക്തമായ നിലപാട് സ്വീകരിക്കുകയും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കുന്നതിന് ഇന്ത്യ മുന്നിട്ടിറങ്ങുകയും ചെയ്യേണ്ടിയിരിക്കുന്നു.

 

---- facebook comment plugin here -----

Latest