india alliance
ഇന്ത്യാ സഖ്യം: മുംബൈ യോഗം നിര്‍ണായകം
ചൈന അതിര്‍ത്തി പ്രശ്‌നം ശക്തമായി ഉയര്‍ത്തും
ന്യൂഡല്‍ഹി | നാളെ മുംബൈയില്‍ ചേരുന്ന ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിന്റെ സുപ്രധാന യോഗം ഇന്ത്യയുടെ ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന ആരോപണം രൂക്ഷമായി ഉന്നയിച്ചേക്കും.
കേന്ദ്ര ബി ജെ പി സര്‍ക്കാറിന്റെ പിടിപ്പുകേടുകള്‍ തുറന്നു കാട്ടുന്നതിന് ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നം വലിയ ക്യാമ്പയിനായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ക്കു യോഗം രൂപം നല്‍കിയേക്കുമെന്നാണു സൂചന.
ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത് രാജ്യത്ത് വലിയ ആശങ്കയായി ഉയര്‍ന്നിട്ടുണ്ട്.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്നാണു രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.
ലഡാക്കില്‍ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്നു പ്രധാനമന്ത്രി പറഞ്ഞത് നുണയാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി നേരത്തെയും രംഗത്തുവന്നിരുന്നു.
ചൈന, അതിര്‍ത്തിയില്‍ അതിക്രമിച്ചുകയറിയെന്നു കഴിഞ്ഞ ദിവസം ലഡാക്ക് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി പ്രാദേശിക ജനങ്ങളില്‍ നിന്നു ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഇപ്പോള്‍ ചൈന പുറത്തുവിട്ട ഭൂപട വിഷയം വളരെ ഗൗരവമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചൈന അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഭൂമി തട്ടിയെടുത്തതിനെക്കുറിച്ച് നരേന്ദ്രമോദി എന്തെങ്കിലും സംസാരിക്കണം എന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇന്ത്യാ സംഖ്യം പൊതു വികാരമായി ഏറ്റെടുക്കാനാണു സാധ്യത.
അരുണാചല്‍ പ്രദേശ്, അക്സായി ചിന്‍ മേഖല, തായ്‌വാന്‍, തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാ കടല്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ചൈന ‘സ്റ്റാന്‍ഡേര്‍ഡ് മാപ്പിന്റെ’ പുതിയ പതിപ്പ് പുറത്തിറക്കിയിത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതില്‍ പ്രതിഷേധിക്കുകയും ചൈനയുടെ ഈ നടപടികള്‍ അതിര്‍ത്തി പ്രശ്‌ന പരിഹാരം സങ്കീര്‍ണ്ണമാക്കുകയാണെന്നും പ്രതികരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ കഴിയാത്ത ബി ജെ പി സര്‍ക്കാറിന്റെ പിടിപ്പുകേടുകള്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ഇന്ത്യാ സഖ്യത്തിന്റെ മുംബൈ യോഗത്തില്‍ കോണ്‍ഗ്രസ് ഉന്നയിച്ചേക്കും.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പോരാടാനായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന ഇന്ത്യ സഖ്യം രൂപീകരിച്ചത്.
സഖ്യത്തിന്റെ കണ്‍വീനര്‍, അധ്യക്ഷന്‍ ആരായിരിക്കണമെന്ന കാര്യത്തിലും മുംബൈ യോഗത്തില്‍ തീരുമാനമുണ്ടാവും.
കണ്‍വീനര്‍ സ്ഥാനം വേണമെന്നു കടുംപിടിത്തമില്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് കണ്‍വീനറാകട്ടെയെന്ന് നേരത്തെ ജെ ഡി യു നിര്‍ദേശിച്ചിരുന്നു.
26 പാര്‍ട്ടികളുള്ള സഖ്യത്തിലെ പദവികളുടെ കാര്യത്തില്‍ ആശങ്കയില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ജെ ഡി യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പേര് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ശിവസേന ഉദ്ദവ് വിഭാഗത്തിനു നിതീഷ് കുമാര്‍ കണ്‍വീനര്‍ ആവുന്നതിലാണു താല്‍പര്യം.
നിതീഷ് കുമാറിനെ കണ്‍വീനറാക്കാനുള്ള നീക്കത്തോട് ജെ ഡി യു അനുകൂലമായി പ്രതികരിച്ചിട്ടില്ല.
മുബൈ യോഗത്തില്‍ ‘ഇന്ത്യ’ സഖ്യത്തില്‍ പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും വിശദമായ ചര്‍ച്ചകള്‍ ഉണ്ടാകും. തുടര്‍ന്നായിരിക്കും കേന്ദ്ര ബി ജെ പി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന നിര്‍ണായക രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുക.
സഖ്യത്തിന്റെ കണ്‍വീനര്‍ പദവി കോണ്‍ഗ്രസിനു വേണ്ടെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാഹുല്‍ ഗാന്ധി കണ്‍വീനറാക്കുന്നതിനോടു താല്‍പര്യമില്ലെന്ന പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. നിതിഷ് കുമാര്‍ കണ്‍വീനറാവണമെന്ന അഭിപ്രായത്തെയാണ് എ എ പി പിന്തുണയ്ക്കുന്നത്.
ഒന്നിലധികം കണവീനര്‍മാര്‍ ഉണ്ടാവുന്നതു സഖ്യത്തിന് കെട്ടുറപ്പില്ലെന്ന സന്ദേശമാണു നല്‍കുകയെന്നും ആം ആദ്മി പറയുന്നു.
പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകണം എന്ന ചര്‍ച്ചയും സഖ്യത്തില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും മുംബൈ യോഗം ഇക്കാര്യത്തിലേക്കു കടന്നേക്കില്ല.
കണ്‍വീനറെക്കൂടാതെ സഖ്യത്തിന്റെ അധ്യക്ഷസ്ഥാനത്തേക്കും ഒരാളെ കണ്ടെത്തേണ്ടതുണ്ട്.
അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും സോണിയ ഗാന്ധിയുടെയും പേരുകളാണു പരിഗണിക്കപ്പെടുന്നത്.
ഏകോപന സമിതിയിലേക്കും മറ്റ് പാനലിലേക്കും അംഗങ്ങളെ മുംബൈ യോഗം തെരഞ്ഞെടുക്കാനും സാധ്യതയുണ്ട്.
ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് മുംബൈയില്‍ നടക്കുന്നത്. പാറ്റ്‌നയിലും ബംഗ്ലൂരുവിലും നടന്ന യോഗത്തിന്റെ തുടര്‍ച്ചയാണു മുംബൈ യോഗം.
മുംബൈയില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോത്തില്‍ മുന്നണിക്ക് ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റും കോ ഓഡിനേഷന്‍ കമ്മിറ്റിയും രൂപീകരിക്കുന്ന കാര്യവും ചര്‍ച്ച ചെയ്‌തേക്കും. കണ്‍വീനര്‍ തല്‍ക്കാലം വേണ്ടെന്നാണ് ഇടതു പാര്‍ട്ടികളുടെ നിലപാട്.
രാജ്യം നേരിടുന്ന വിവിധ വിഷയങ്ങള്‍, വര്‍ഗീയത തുടങ്ങിയ വിഷയങ്ങള്‍ മുന്‍ നിര്‍ത്തി വിവിധ സംസ്ഥാനങ്ങളില്‍ സംയുക്ത റാലികള്‍ നടത്തുന്നതിനെ കുറിച്ചും യോഗം ആലോചിക്കും.
അതേസമയം, പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്തുമെന്നു കരുതിയ ശരത് പവാറിന്റെ നിലപാട് ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ബി ജെ പി സഖ്യത്തില്‍ എത്തിയ അജിത് പവാര്‍ ഇപ്പോഴും തങ്ങളുടെ നേതാവാണെന്ന ശരത് പവാറിന്റെ അഭിപ്രായം സഖ്യത്തില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.
ദലിത് വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നു കരുതുന്ന ബി എസ് പി നേതാവ് മായാവതി ഇന്ത്യാ സഖ്യത്തിന് അനുകൂലമായി നിലപാടു സ്വീകരിക്കാത്തത് ബി ജെ പിയെ സഹായിക്കുന്നതാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
എന്‍ ഡി എയുമായോ ഇന്ത്യ മുന്നണിയുമായോ സഖ്യത്തിനില്ലെന്നാണു മായാവതി പ്രഖ്യാപിച്ചത്. ബി എസ് പി തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നു എന്‍ ഡി എയുമായി സഖ്യമെന്ന ആശയം പോലും ഉദിക്കുന്നില്ലെന്നും മായാവതി വെളിപ്പെടുത്തിയിട്ടുണ്ട്.
ഇരു സഖ്യങ്ങളും ജാതീയ, വര്‍ഗീയ, മൂലധന നയങ്ങളില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ചേരാത്ത നയം പുലര്‍ത്തുന്നവരാണെന്നാണു മായാവതി പറയുന്നത്.
2007 ലേത് പോലെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നാലു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി എസ് പി മല്‍സരിക്കും. സമൂഹത്തിലെ അവഗണിക്കപ്പെട്ടവരും ചിതറിക്കിടക്കുന്നവരുമായ ജനങ്ങളെ ഒന്നിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണു മായാവതി പറയുന്നത്.
ഗ്രാമങ്ങളില്‍ വ്യാപകമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ച് ആളുകളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാനും മായാവതി ബിഎസ്പി നേതാക്കളോട് ആഹ്വാനം ചെയ്തു.
കഴിഞ്ഞ ലോക്‌സഭാ, യു പി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദി പാര്‍ട്ടിയുമായും കോണ്‍ഗ്രസുമായും മായാവതി സഖ്യമുണ്ടാക്കിയിരുന്നു.
പാര്‍ലമെന്റില്‍ പത്ത് അംഗങ്ങളുള്ള ബി എസ് പി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിക്കാതെ ബി ജെ പി സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടാണ് നിലവില്‍ പാര്‍ലിമെന്റില്‍ സ്വീകരിക്കുന്നത്.
ഇന്ത്യാ സഖ്യത്തിന് സുശക്തമായ സംഘടനാ സംവിധാനവും എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമായ പൊതു പരിപാടിയും രാഷ്ട്രീയ മുദ്രാവാക്യങ്ങളും രൂപീകരിക്കാന്‍ കഴിയുന്നതോടെ ബി ജെ പിയെ വിറപ്പിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്. ഇക്കാര്യത്തില്‍ മുംബൈ യോഗം സുപ്രധാനമായിരിക്കും.