Connect with us

National

ഇന്ത്യ സഖ്യം വൈകാതെ സര്‍ക്കാര്‍ രൂപീകരിക്കും; എന്‍ ഡി എ സഖ്യം അധിക നാള്‍ മുന്നോട്ട് പോകില്ല : മമത ബാനര്‍ജി

പ്രതിപക്ഷ പോരാട്ടത്തിന് ശക്തി പകര്‍ന്ന കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ സഖ്യകക്ഷികള്‍ക്ക് മമത നന്ദി അറിയിച്ചു.

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ബിജെപിക്കെതിരായ പാര്‍ട്ടിയുടെ വന്‍ വിജയത്തിന്റെ ആഘോഷങ്ങള്‍ക്കിടെ എന്‍ ഡി എ സഖ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. ഇന്ത്യ മുന്നണി ഉടന്‍ അധികാരം പിടിച്ചെടുത്തേക്കുമെന്ന സൂചന നല്‍കിയ മമത എന്‍ ഡി എ സഖ്യത്തിന് ഒരു ദിവസത്തെ ആയുസ് പോലും ഉണ്ടായേക്കില്ലെന്നും പരിഹസിച്ചു.

നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാല്‍ തന്റെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു ദിവസം മുമ്പ് ശനിയാഴ്ച നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും ഇത്തവണ ടിഡിപിയെയും ജെ ഡി യുവിനെയും ആശ്രയിക്കേണ്ടി വന്നു. കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് ഇനിയും 32 സീറ്റ് വേണം.
400 ലോക്‌സഭാ സീറ്റുകള്‍ സംസാരിച്ചവര്‍ക്ക് കേവല ഭൂരിപക്ഷം പോലും നേടാന്‍ കഴിഞ്ഞില്ല. ഈ തട്ടിക്കൂട്ട് സര്‍ക്കാര്‍ പതിനഞ്ചു ദിവസമെങ്കിലും നിലനില്‍ക്കുമോ എന്ന് ആര്‍ക്കറിയാമെന്നും മമത പറഞ്ഞു.

പ്രതിപക്ഷ പോരാട്ടത്തിന് ശക്തി പകര്‍ന്ന കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ സഖ്യകക്ഷികള്‍ക്ക് മമത നന്ദി അറിയിച്ചു.

പാര്‍ലമെന്റിലെ ഏറ്റവും വലിയ നാലാമത്തെ കക്ഷിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലത്തില്‍ 29 സീറ്റാണ് തൃണമൂലിന് ലഭിച്ചത്.