National
ഇന്ത്യയും സിങ്കപ്പൂരും തങ്ങളുടെ തത്സമയ പേയ്മെന്റ് നെറ്റ്വര്‍ക്ക് ആദ്യമായി സംയോജിപ്പിച്ചു
ഇന്ത്യയിലെ യുപിഐയും സിങ്കപ്പൂരിലെ പേ നൗവും തമ്മിലുള്ള സഹകരണത്തിനാണ് തുടക്കമായത്.
ന്യൂഡല്‍ഹി| അതിര്‍ത്തി കടന്നുള്ള സാമ്പത്തിക വിനിമയം സുഗമമാക്കുന്നതിന് ഇന്ത്യയും സിങ്കപ്പൂരും തങ്ങളുടെ തത്സമയ പേയ്മെന്റ് നെറ്റ്വര്‍ക്ക് ആദ്യമായി സംയോജിപ്പിച്ചു. ഇന്ത്യയിലെ യുപിഐയും സിങ്കപ്പൂരിലെ പേ നൗവും തമ്മിലുള്ള സഹകരണത്തിനാണ് തുടക്കമായത്. ഇത് ഇന്ത്യ-സിങ്കപ്പൂര്‍ സഹകരണത്തില്‍ പുതിയ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ സഹകരണം ഇരു രാജ്യത്തുമുള്ള പൗരന്മാര്‍ക്ക് നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക സാങ്കേതിക സഹകരണത്തിന് പുതിയ അധ്യായമാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശ ഇന്ത്യക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണ് ഇതെന്ന് മോദി അഭിപ്രായപ്പെട്ടു.
യുപിഐ വഴി ഇന്ത്യയില്‍ നിന്ന് ഡിജിറ്റലായി സിങ്കപ്പൂരിലേക്ക് പണം അതിവേഗം കൈമാറാന്‍ സാധിക്കുന്നതാണ് ഈ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലോങും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂര്‍ എംഡി രവി മേനോനും ചടങ്ങില്‍ പങ്കെടുത്തു.